തിരുവനന്തപുരം : തലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ ജില്ലയിൽ അതിതീവ്രരോഗ വ്യാപനമുള്ള അഞ്ച് ക്ലസ്റ്ററുകൾ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി. നഗരത്തിലെ മാണിക്യവിളാകം,പൂന്തുറ, പുത്തൻപള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പൊന്നാനിക്ക് ശേഷം കണ്ടെത്തുന്ന രണ്ടാമത്തെ ലാർജ് ക്ലസ്റ്ററും ഇതാണ്. 50ൽ കൂടുതൽ കേസുകൾ ഒരു പ്രദേശത്ത് ഉണ്ടായാൽ അതിനെയാണ് ലാർജ് ക്ലസ്റ്ററായി കണക്കാക്കുന്നത്.
കന്യാകുമാരി ഹാർബറിൽ നിന്നു മത്സ്യമെടുത്ത് കുമരിച്ചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ് പ്രദേശത്തെ രോഗവ്യാപനത്തിന്റെ ഉറവിടം. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ,വീടുകളിൽ മത്സ്യം കച്ചവടം നടത്തുന്നവർ, ചുമട്ടുതൊഴിലാളികൾ, ലോറി ഡ്രൈവർമാർ തുടങ്ങിയവരിൽ അടുത്തിടപഴകിയ 13 പേർക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. സ്ഥിതി കൈവിട്ടുപോകാതിരിക്കാനാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ശാസ്ത്രീയമായ ക്‌ളസ്റ്റർ മാനേജ്‌മെന്റ് സ്ട്രാറ്റജിയാണ് ഇവിടെ നടപ്പിലാക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ചായിരിക്കും നടപടികൾ. സോണുകൾക്കുള്ളിൽ ക്‌ളസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. വീടുകൾ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവർക്ക് ആന്റിജൻ ടെസ്റ്റുകൾ നടത്തും.
പൂന്തുറയിൽ പരിരക്ഷ
പൂന്തുറമേഖലയിലെ പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തിൽ നിന്നു രക്ഷിക്കാൻ 'പരിരക്ഷ' എന്ന പേരിൽ റിവേഴ്‌സ് ക്വാറന്റൈൻ ആക്ഷൻ പ്ലാനും നടപ്പാക്കും. കണ്ടെയ്ൻമെന്റ് സോണിൽ ആകെയുള്ള 31,985 പേരിൽ 184 പാലിയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കാൻ ട്രെയിനിംഗ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.