തിരുവനന്തപുരം:ട്രിപ്പിൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കടകൾ തുറക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജനറൽ സെക്രട്ടറി വൈ.വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ട്രിപ്പിൾ ലോക്ക് ഡൗൺ സാഹചര്യത്തിൽ നിലവിൽ 7 മുതൽ 11 വരെയാണ് നഗരത്തിലെ കടകളുടെ ഇപ്പോഴത്തെ പ്രവർത്തനസമയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കെട്ടിടവാടക, ​തൊഴിലാളികൾക്ക് ശമ്പളം, ​കറണ്ട് ബില്ല് ​എന്നിവ ഉൾപ്പെടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഈ സാഹചര്യത്തിൽ വ്യാപാര മേഖല പൂർണമായി അടച്ചിടാതെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.