dronar

വാരവിശേഷം

..............................................

അവതാരങ്ങൾക്ക് പഞ്ഞമില്ലാത്ത നാട് അമേരിക്കയാണോ അതോ ഇന്ത്യയാണോ? ഹൈദരാബാദിൽ ചില അവതാരങ്ങൾ കയറിയിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഒരു ദിവസം പിണറായി സഖാവ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഹൈദരാബാദിൽ കയറിയിറങ്ങുന്നത് എന്റെ അവതാരമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ചില അവതാരങ്ങൾ എന്റെ ബന്ധുവാണ് എന്നൊക്കെ പറഞ്ഞ് വരും, അതിനാൽ അത്തരം അവതാരങ്ങളെ സൂക്ഷിക്കണം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് അതിന് ശേഷം പിണറായി സഖാവ് നൽകി. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താൽ ഇന്ത്യാ മഹാരാജ്യത്ത് അവതാരങ്ങൾക്ക് പഞ്ഞമില്ല എന്ന് നമുക്ക് അനുമാനിക്കാനാവും. പിറ്റേന്ന്, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെത്തിപ്പെട്ട സഖാവ് പക്ഷേ അവിടത്തെ അവതാര രഹസ്യങ്ങളെപ്പറ്റി ഓർമ്മപ്പെടുത്തിയില്ല. എന്നുവച്ചാൽ നോർത്ത് ബ്ലോക്കിൽ അവതാരങ്ങൾ വാഴില്ല എന്നല്ല അർത്ഥം. നോർത്ത് ബ്ലോക്കിന്റെ കവാടത്തിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പുകളുടെ കൂട്ടത്തിൽ അവതാരങ്ങളെ സൂക്ഷിക്കുക എന്ന് പതിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എല്ലാവർക്കും അത് കാണാൻ പറ്റില്ലെങ്കിലും അവതാരങ്ങൾക്ക് കാണാം.

നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾക്ക് ഒരു കുഴപ്പമുണ്ട്. അത് ലംഘിക്കാനുള്ള ത്വര ആളുകളിൽ കലശലായിരിക്കും എന്നതു തന്നെയാണ് ആ കുഴപ്പം. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റ് പായ്ക്കറ്റിന് പുറത്തും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യക്കുപ്പിക്ക് പുറത്തും നിയമപ്രകാരമുള്ള മുന്നറിയിപ്പായി അച്ചടിച്ച് വച്ചിട്ടുണ്ട്. ഇത് അച്ചടിച്ചുവച്ചത് കൊണ്ടു മാത്രം സിഗരറ്റ് വലിക്കുന്നവരും മദ്യം കഴിക്കുന്നവരുമുണ്ടെന്നാണ് മനശ്ശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമോ എന്നാപ്പിന്നെ, ആ ഹാനികരമാകുന്നത് ഒന്ന് കാണണമല്ലോ എന്ന മട്ടിൽ മദ്യം കുടുകുടാ സേവിക്കുന്നവരുണ്ട്. ഇത്തരക്കാരെ ആകർഷിക്കാൻ വേണ്ടി കൂടിയാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പുകവലി ആരോഗ്യത്തിന് ഹാനികരം എന്നിങ്ങനെ ഉറുമ്പിനെ തോല്പിക്കുന്ന വലിപ്പത്തിൽ അച്ചടിച്ചുവച്ചിരിക്കുന്നത് എന്ന് പിണറായി സഖാവിന് അറിയാം. വളരെ സൈക്കോളജിക്കൽ ആയ മൂവ് ആണത്.

നോർത്ത് ബ്ലോക്കിൽ ഈ സൈക്കോളജിക്കൽ മൂവ് പരീക്ഷിക്കാനാണ് പിണറായി സഖാവ് ശ്രമിച്ചിട്ടുള്ളത്. ഈസ് ഒഫ് ഡുയിംഗ് ബിസിനസിന്റെ കാലമാണ്. അതുകൊണ്ട് അവതാരങ്ങളെ ആകർഷിക്കാൻ നിയമപ്രകാരമുള്ള മുന്നറിയിപ്പ് വേണ്ടിവരും. നോർത്ത് ബ്ലോക്കിലെത്തുന്നതിന് തലേന്ന് പിണറായി സഖാവ് പരസ്യമായി മുന്നറിയിപ്പ് നൽകിയതും അതിനാലാണ്. വരാൻ മടിച്ചുനിൽക്കുന്ന അവതാരങ്ങളുണ്ടെങ്കിൽ കേൾക്കട്ടെ എന്ന ചിന്തയാണ് അദ്ദേഹത്തെ ആ നിമിഷം നയിച്ചത്.

അങ്ങനെ എത്തിപ്പെട്ട ചില അവതാരങ്ങളൊക്കെ സാമൂഹ്യ അകലം പാലിക്കാതെ അവിടവിടെയായി കറങ്ങി നടന്നുവെന്നാണ് പറയുന്നത്. സാമൂഹ്യ അകലം പാലിക്കാതിരുന്നാൽ പകർച്ചവ്യാധി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്ന് പിണറായി സഖാവ് ഓർമ്മിപ്പിച്ചതായിരുന്നു. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. അതും ഒരു തരത്തിലുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പാണെന്ന് ധരിച്ചതിനാൽ അവതാരങ്ങൾ പിന്മാറിയില്ലത്രെ. അതുകൊണ്ട് മാത്രമാണ് ചില പോസിറ്റീവ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാരമില്ല. രണ്ട് പോസിറ്റീവ് കേസുകളെ നിർബന്ധിത ക്വാറന്റൈനിലേക്ക് വിട്ടത് കാരണം സമൂഹവ്യാപനത്തിലേക്കെത്താതെ കാര്യം കഴിച്ചുകിട്ടിയെന്ന് ആശ്വസിക്കാം.



ഇതൊരു മഹാമാരിയാണെന്നും സൂപ്പർ സ്‌പ്രെഡിലേക്ക് പോകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടെന്നും കാനം സഖാവ് നിയമപ്രകാരമുള്ള മുന്നറിയിപ്പ് പിണറായി സഖാവിന് നൽകിയെന്നാണ് പറയുന്നത്. കാനം സഖാവ് ഇടയ്ക്കിടെ ഇങ്ങനെയുള്ള മുന്നറിയിപ്പുകൾ നൽകാറുള്ളതിനാൽ പിണറായി സഖാവ് ഇതും അത്ര കാര്യമാക്കിയില്ല എന്നുവേണം മനസിലാക്കാൻ.

കാനം സഖാവ് പലപ്പോഴും കണ്ണുരുട്ടാറുണ്ട്. കോടിയേരി സഖാവും പിണറായി സഖാവും അതിനെ കാണുന്നത് പുഞ്ചിരിയായിട്ടാണ്. അത് കാണുന്ന കണ്ണുകളുടെ കുഴപ്പമാണ്. കാനം സഖാവ് കണ്ണുരുട്ടിയാൽ അത് നാലാളറിയണമെന്ന് അദ്ദേഹം ആഗ്രഹിക്കാറുണ്ട്. അതിന് അദ്ദേഹത്തെ തെറ്റ് പറയാനാവില്ല. ആതിരപ്പിള്ളി, ജോസ് മോൻ എന്നീ പേരുകൾ കേട്ടപ്പോഴും കാനം സഖാവ് ഈയടുത്ത ദിവസങ്ങളിൽ കണ്ണുരുട്ടുകയുണ്ടായി. അങ്ങനെ കണ്ണുരുട്ടുകയും ആ കണ്ണുരുട്ടൽ നാലാളറിയുകയും ചെയ്യുമ്പോഴാണ് കാനം സഖാവ് കാനംസഖാവാകുന്നത്.

ഐ.ടി സെക്രട്ടറി ശിവശങ്കരന്റെ കാര്യത്തിലും കാനം സഖാവ് വളരെ നേരത്തേ കണ്ണുരുട്ടി മുന്നറിയിപ്പ് കൊടുത്തുവെന്നാണ് പറയുന്നത്. കോടിയേരി സഖാവോ പിണറായി സഖാവോ അത് സ്ഥിരീകരിക്കാത്തതിനാൽ കാനം സഖാവ് തന്നെ കഴിഞ്ഞദിവസം അക്കാര്യം സ്ഥിരീകരിച്ചു. ശിവശങ്കരനെ പിണറായി സഖാവ് ഓഫീസിൽ നിന്ന് മാറ്റി ക്വാറന്റൈനിലാക്കിയതിനാൽ കാനം സഖാവിന്റെ കണ്ണുരുട്ടലിന് ഇപ്പോഴെങ്കിലും ഒരു മാന്യത കല്പിച്ചുകിട്ടിയതിൽ നമുക്ക് സന്തോഷിക്കാം.

ഇ-മെയിൽ: dronar.keralakaumudi@gmail.com