road

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഇറവൂർ വണ്ടയ്ക്കൽ റോഡ് തകർന്നു. മൂന്ന് കിലോമീറ്റർ റോഡിന്റെ നവീകരണത്തിനായി യാതൊരു നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ലെന്നാണ് പരാതി. ഇറവൂരിലെ പാറ ക്വാറിയിൽ നിന്നും അമിത ഭാരം കയറ്റിപോകുന്ന ലോറികളാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. ലക്ഷങ്ങൾ മുടക്കി നാലു വർഷം മുമ്പാണ് ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചത്. ഭാരക്കൂടുതലുള്ള വാഹനങ്ങൾ സഞ്ചരിക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ റോഡിലൂടെ അമിതലോഡ് കയറ്റിയ നൂറുകണക്കിന് ലോറികൾ തലങ്ങും വിലങ്ങും പായുന്നത്. ചെറിയ കുഴികൾ വീണപ്പോൾ തന്നെ മെയിന്റനൻസ് നടത്താത്തതും റോഡ് പൂർണമായി തകരാൻ കാരണമായി. മെറ്റൽ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ഇതുകാരണം കാൽനടയാത്രാക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ടായി മാറി. ഇവിടെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് തകർന്നതോടെ വീണ്ടും ടാറിംഗിനായി മെറ്റൽ ഇറക്കിയിട്ടുണ്ടെങ്കിലും ഇത് നാലുപാടും ചിതറിയ നിലയിലാണ്. ഇതും അപകടസാദ്ധ്യത കൂട്ടിയിട്ടുണ്ട്. പറണ്ടെ ഭാഗത്തു നിന്നും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അടിയന്തരമായി ടാറിംഗ് നടത്താൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് ഇറവൂർ വണ്ടയ്ക്കൽ പുരുഷ സ്വയംസഹായ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.