യു.പിയിലെ കാൺപൂരിനെ വിറപ്പിച്ചുകൊണ്ടിരുന്ന കൊടും കുറ്റവാളി വികാസ് ദുബെ വെള്ളിയാഴ്ച പുലർച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 'കഥ" അതേപടി ഉൾക്കൊള്ളാൻ അധികം പേരെ കിട്ടിയെന്നുവരില്ല. ഇതുപോലെയുള്ള കുറ്റവാളികൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ശാപമെന്നു കരുതുന്നവർക്ക് ഈ ഏറ്റുമുട്ടൽ കൊല ആശ്വാസം പകരുമെന്നതു തീർച്ചയാണ്. നിയമ - നീതി സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം നിയമവും നീതി നടത്തിപ്പുമൊക്കെയായി അരങ്ങുവാണ വികാസ് ദുബെയുടെ പേരിൽ അഞ്ച് കൊലപാതകങ്ങളും എട്ട് കൊലപാതക ശ്രമങ്ങളും ഉൾപ്പെടെ എഴുപതോളം ഗുരുതരമായ ക്രിമിനൽ കേസുകളാണുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ രണ്ടാം തീയതി വെളുപ്പിന് സ്വന്തം വീടിനു മുൻപിൽ ഒരു ഡിവൈ.എസ്.പിയും രണ്ട് ഇൻസ്പെക്ടർമാരുമുൾപ്പെടെ എട്ടു പേരടങ്ങിയ പൊലീസ് സംഘത്തെ ഒന്നടങ്കം വെടിവച്ചുകൊന്നു കത്തിച്ച പൈശാചിക നരനായാട്ടാണ് ദുബെയുടെ പേരിൽ എഴുതിച്ചേർത്തിരുന്നത്. മുൻപ് നടത്തിയ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് പാർട്ടിക്കാണ് ഈ ദുര്യോഗമുണ്ടായത്. അറസ്റ്റ് ചെയ്യാൻ പൊലീസ് പാർട്ടി പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിലുള്ളവർ തന്നെ ഒറ്റുകൊടുത്തതാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പൊലീസിലെ ഒറ്റുകാരിൽ പലരും ഇപ്പോൾ സേനയിൽ നിന്നു പുറത്തായിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ ദുബെയെ വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ദുബെയെ ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് വ്യാഴാഴ്ച രാത്രി കൊണ്ടുവരുന്നതിനിടയിലാണ് അയാൾ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെടുന്നത്. ദുബെയെ കയറ്റിയിരുന്ന പൊലീസ് വാഹനം ഹൈവേയിൽ തെന്നിമറിഞ്ഞെന്നും അതിനിടെ പൊലീസുകാരന്റെ കൈയിലിരുന്ന തോക്ക് വാങ്ങി പൊലീസ് സംഘത്തിനു നേരെ നിറയൊഴിച്ചെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സ്വരക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിവച്ചതിലാണത്രെ ദുബെ കൊല്ലപ്പെട്ടത്. ദുബെയെപ്പോലെ നാടിനും പൊലീസ് സേനയ്ക്കും ഒരുപോലെ പേടിസ്വപ്നമായ ഒരു കൊടും ക്രിമിനലിനെ വിലങ്ങുപോലും വയ്ക്കാതെ ഉജ്ജയിനിയിൽ നിന്ന് കാൺപൂരിലേക്കു കൊണ്ടുപോയി എന്നു പറയുന്നതുപോലും വലിയ ഫലിതമാണ്. മാസങ്ങൾക്കു മുൻപ് തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ പൈശാചികമായി ബലാത്സംഗം ചെയ്ത സംഘത്തിൽപ്പെട്ടവരെ ഇതുപോലെ യാത്രക്കിടെ പൊലീസുകാർ വെടിവച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. നിയമത്തിനും നീതിക്കും നിരക്കാത്ത പ്രവൃത്തിയായിട്ടും പൗരസമൂഹം ഏതാണ്ട് ഒന്നടങ്കം ഈ ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കാൻ മാത്രമല്ല, അതിനു തുനിഞ്ഞ പൊലീസ് സേനാംഗങ്ങളെ പരസ്യമായി അഭിനന്ദിക്കാൻ കൂടി മുന്നോട്ടുവരികയുണ്ടായി.
മൂന്നു പതിറ്റാണ്ടോളം നീളുന്ന ദുബെയുടെ അധോലോക പ്രവൃത്തികൾ മൂലം ദുരിതമനുഭവിക്കേണ്ടി വന്നവർ ഏറെയാണ്. കൊലക്കേസുകളിൽ പോലും നിയമത്തിന്റെ പിടിയിലാകാതെ ഊർന്നു രക്ഷപ്പെടാൻ സഹായിച്ചത് ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചെടുത്ത ഭയപ്പാടിന്റെ അന്തരീക്ഷം മുതലാക്കിയാണ്. ഏതു കക്ഷി അധികാരത്തിൽ വന്നാലും ദുബെ അവരുടെ ഇഷ്ടക്കാരനായിരിക്കും. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭാരവാഹിത്വം നേടിയതിനു പിന്നിലും ഈ രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഉള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുപോലുള്ള ക്രിമിനലുകളുടെ രാഷ്ട്രീയ ബന്ധം ആരും ചികഞ്ഞുനോക്കാറില്ല.
ദുബെയുടെ ഏറ്റുമുട്ടൽ കൊല ഇനി കുറെ ദിവസത്തേക്ക് രാഷ്ട്രീയ കേന്ദ്രങ്ങളിലും നിയമവൃത്തങ്ങളിലും ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നിടുമെന്നു തീർച്ച. ഉന്നതനായ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടുകഴിഞ്ഞു. നിയമത്തെയും നീതിപീഠങ്ങളെയും നോക്കുകുത്തികളാക്കി ഗുണ്ടാസംഘങ്ങളും അധോലോക വീരന്മാരും സമൂഹത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നതു തടയാൻ ഭരണകൂട സംവിധാനങ്ങൾക്കു കഴിയാതെ വരുന്നു. പൊലീസ് വെടിവച്ചു കൊന്ന ദുബെയുടെ ഗ്രാമത്തിൽ നാട്ടുകാർക്ക് നിയമ സംവിധാനങ്ങളെക്കാൾ ആശ്രയമായിരുന്നത് ദുബെയുടെ ഏകാംഗ നാട്ടുകോടതിയായിരുന്നുവത്രേ. അവിടെ അയാൾ പറയുന്നതാണ് നിയമവും നീതിയും. കോടതിയും ജഡ്ജിയുമൊക്കെ അയാൾ തന്നെ
വ്യവസ്ഥാപിതമായ സംവിധാനങ്ങൾ വഴി ജനങ്ങൾക്ക് നീതിയും നിയമ സംരക്ഷണവും ലഭിക്കാതെ വരുമ്പോഴാണ് ആളുകൾ നിയമത്തിനു നിരക്കാത്ത വഴികൾ തേടാൻ നിർബന്ധിതരാകുന്നത്. അതുപോലെ കൊടും കുറ്റവാളികൾക്കു രാഷ്ട്രീയക്കാരിൽ നിന്നും അധികാരിവർഗത്തിൽ നിന്നും ലഭിക്കുന്ന സഹായവും സംരക്ഷണവും ദുബെയെപ്പോലുള്ള ക്രിമിനലുകളെ മാനം മുട്ടെ വളരാൻ സഹായിക്കുന്നു. നിയമ സമാധാനം നിലനിറുത്താൻ ചുമതലപ്പെട്ട പൊലീസിനു രാഷ്ട്രീയ ഇടപെടൽ കാരണം ഇത്തരക്കാർ കാട്ടിക്കൂട്ടുന്ന ഏതു നീച പ്രവൃത്തികളുടെ നേരെയും കണ്ണടയ്ക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഡിവൈ.എസ്.പി ഉൾപ്പെടെ തങ്ങളുടെ കൂട്ടത്തിലെ എട്ടുപേരെ നിഷ്‌കരുണം വക വരുത്തിയ ദുബെയെ കൈയിൽ കിട്ടിയപ്പോൾ പൊലീസ് സംഘത്തിന് അരുതാത്തതു തോന്നിയെങ്കിൽ അത്ഭുതമില്ല. നിയമ - നീതി സംവിധാനങ്ങളുടെ പരാജയമാണ് ഇതുപോലുള്ള സംഭവങ്ങൾ. നിയമപാലകർ തന്നെ നീതിയും നടപ്പാക്കാൻ തുടങ്ങിയാൽ ഉണ്ടാകാവുന്ന വിപത്ത് ഭയസംഭ്രമത്തോടെ തന്നെ കാണുകയും വേണം. ഏറ്റുമുട്ടൽ കൊല കാട്ടിലെ നീതി നടത്തിപ്പാണെന്നു പറയാറുണ്ട്. പരിഷ്കാരവും സംസ്കാരവും പുലരുന്ന രാജ്യങ്ങളിൽ ഇതുപോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കു ഒരു സ്ഥാനവുമില്ലെന്ന അഭിപ്രായവും മാനിക്കപ്പെടേണ്ടതാണ്. ഒപ്പം തന്നെ ഓർക്കേണ്ട കാര്യം വികാസ് ദുബെയെപ്പോലുള്ള ഗുണ്ടാത്തലവന്മാരുടെ സംഖ്യ രാജ്യത്തെവിടെയും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യമാണ്. ആസൂത്രിത ഏറ്റുമുട്ടലുകളിൽ കൊടും കുറ്റവാളികൾ വെടിയേറ്റുവീഴുമ്പോൾ സമൂഹം ആശ്വാസം കൊള്ളുന്നതിനു പിന്നിലെ മനഃശാസ്‌ത്രവും കാണാതിരുന്നുകൂടാ. ഇത്തരത്തിലൊരു അവസ്ഥാവിശേഷം സൃഷ്ടിച്ചത് രാഷ്ട്രീയ - ഭരണ സംവിധാനങ്ങൾ തന്നെയാണ്.