നെയ്യാറ്റിൻകര : മാലിന്യ സംസ്കരണത്തിന് നെയ്യാറ്റിൻകര നഗരസഭ തൊഴുക്കലിൽ ആരംഭിച്ച പ്ലാസ്റ്റിക് റീ - സൈക്ലിംഗ് യൂണിറ്റും എയ്റോ ബിൻ സംവിധാനവും പരജായപ്പെട്ടു. കെട്ടിട നിർമ്മാണം ഉൾപ്പെടെ പദ്ധതിയിലൂടെ നഗരസഭയ്ക്ക് നഷ്ടമായത് 75 ലക്ഷത്തിലേറെ രൂപ. ടൗണിലെ വിവിധ ഭാഗങ്ങളിൽ എയ്റോബിന്നുകൾ സ്ഥാപിച്ച് ഇവിടെ നിന്നും ശേഖരിക്കുന്ന മാലിന്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്, റീ - സൈക്ലിംഗിലൂടെ ഉപോത്പന്നമായി മാറ്റാനായിരുന്നു പദ്ധതി. ഇതൊടൊപ്പം പ്ലാസ്റ്റിക് മുക്തമാകുന്ന മാലിന്യം കർഷകർക്ക് ജൈവ വളമായി വിൽക്കാനും ലക്ഷ്യമിട്ടിരുന്നു. തൊഴുക്കലിൽ ഫാക്ടറിക്കായി തുടങ്ങിയ കെട്ടിട നിർമ്മാണം പാതി വഴിയിലായതോടെയാണ് പദ്ധതി പൊളിഞ്ഞത്.
പദ്ധതി അശാസ്ത്രീയം
പ്ളാന്റ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു.
മാലിന്യശേഖരണത്തിന് 10 പേരെ നിയമിച്ചു.
13 എയ്റോബിന്നുകൾ സ്ഥാപിച്ചു.
മാലിന്യം നീക്കം ചെയ്യാതെ ചീഞ്ഞ് നാറി.
നഗരസഭ ചെയ്യേണ്ടിയിരുന്നത്
മാലിന്യത്തിന്റെ ഉറവിടം ഡൊമസ്റ്റിക്, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ എന്നിങ്ങനെ മൂന്നായി തരം തിരിക്കണം. വീടുകളിൽ കറുത്ത ക്യാരി ബാഗുകളോടുകൂടിയ നീല, പച്ച, ചുവപ്പ് നിറങ്ങളിൽ ബക്കറ്റുകൾ സ്ഥാപിച്ച് അവയിൽ യഥാക്രമം ജൈവം, പ്ലാസ്ടിക്ക്, ഇലക്ട്രോണിക് മാലിന്യം വേർതിരിച്ച് ശേഖരിക്കണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കപ്പെടുന്നതിനാൽ ഇതിലേക്കായി പ്രത്യേകം കണ്ടിജൻസി ജീവനക്കാരുടെ ആവശ്യം ഇല്ല. മാലിന്യം നീക്കം ചെയ്യാനായി വീട്ടുകാരിൽ നിന്നും പ്രത്യേക ചാർജ്ജ് ഈടാക്കാം. വ്യാപാരസ്ഥാപനങ്ങളിലും ഇതേ രീതി തുടരാം. ഇൻഡസ്ട്രിയൽ യൂണിറ്റുകളിൽ പ്രത്യേക മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തുക. മൈസൂർ നഗരത്തിൽ ഇത്തരം വേസ്റ്റ് മാനേജ്മെന്റാണ് സ്വീകരിച്ചിട്ടുള്ളത്.
പ്രതികരണം
മറ്റുള്ള ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ നഗരസഭ മുൻകൈയെടുത്തത്. തുടക്കത്തിലേ പദ്ധതി അശാസ്ത്രീയമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാമം പ്രവീൺ (നഗരസഭാ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)
caption
തൊഴുക്കലിൽ നഗരസഭ പണിത പ്ലാസ്റ്റിക് റീ സൈക്ളിംഗ് യൂണിറ്റ് കെട്ടിടം കാടുപിടിച്ച നിലയിൽ