ഉഴമലയ്ക്കൽ: മുൻപാല വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ തയ്യാറാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റഹിം അദ്ധ്യക്ഷത വഹിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവ പരിശോധന അടിയന്തരമായി നടത്താനും മുൻപാല, ചിറ്റുവീട്, പുളിമൂട് വാർഡുകളിൽ കർശന നിയന്ത്രണം നടപ്പിലാക്കാനും ഇവിടത്തെ ഓട്ടോ, ടാക്സി സർവീസുകൾ നിറുത്തിവയ്ക്കാനും തീരുമാനിച്ചു. മറ്റ് വാർഡുകളിൽ നിന്നും ഇവിടേക്കുള്ള പ്രവേശനം നിരോധിക്കാനും പൊതു മാർക്കറ്റുകൾ അഞ്ച് ദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും മാത്രം പ്രവർത്തിക്കും. പൊതുപരിപാടികൾ ഒഴിവാക്കുന്നതിനും പൊതു സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് തടയുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പുറത്തേക്ക് ഇറങ്ങിയാൽ മതിയെന്നും യോഗം തീരുമാനിച്ചു. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ, ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ യഹിയ,വലിയമല സർക്കിൾ ഇൻസ്പെക്ടർ ഷാജി, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ശാരിക, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബി.സുജാത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഴമലയ്ക്കൽ സുനിൽകുമാർ,കെ.ജയകുമാർ,വാർഡ് മെമ്പർ ഉഷൈല, പഞ്ചായത്ത് സെക്രട്ടറി എസ്.സുനിമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ, ആരോഗ്യ പ്രവർത്തകർ, ഉഴമലയ്ക്കൽ ആശുപത്രിയിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.