r

ഏകോപന ചുമതല ബിശ്വനാഥ് സിൻഹയ്ക്ക്

തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം,​ ഷൊർണൂർ,​ തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം എന്നീ സ്റ്റേഷനുകളിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ ദക്ഷിണ റെയിൽ​വേയുമായി സർക്കാർ ധാരണയിലെത്തി. ഇതിൽ ഒരു സെന്ററിൽ റെയിൽവേയും മറ്റ് രണ്ടിടത്തും സർക്കാരും ഡോക്ടർമാരേയും മറ്റ് സ്റ്റാഫിനേയും നിയമിക്കും. ഒരു സ്റ്റേഷനിൽ 20 കോച്ചുകളിലായി 320 കിടക്കകൾ ഉണ്ടാവും.

'സർക്കാർ സമ്മതിച്ചാൽ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ കൊവിഡ് ആശുപത്രി' എന്ന തലക്കെട്ടിൽ ഈ മാസം ആറിന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. റെയിൽവേയുടെ സഹായം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ കത്ത് തയ്യാറാക്കി വാർത്തയ്ക്കൊപ്പം ചേർത്ത് മുഖ്യമന്ത്രിക്ക് എത്തിച്ചു. അന്നു തന്നെ മുഖ്യമന്ത്രി വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് കൈമാറി. ചീഫ് സെക്രട്ടറിയാണ് റെയിൽവേയുമായി ചർച്ച നടത്തിയത്.

ഇന്ത്യയൊട്ടാകെ 215 റെയിൽവേ സ്റ്റേഷനുകളാണ് കൊവിഡ് സെന്ററുകളാക്കുന്നത്. ഇവിടങ്ങളിൽ രോഗികളെ പാർപ്പിക്കുന്നത് ഐസൊലേഷൻ കോച്ചുകളിലാണ്. മറ്റ് സംസ്ഥാനങ്ങൾ റെയിൽവേ സ്റ്റേഷനുകൾ കൊവിഡ് സെന്ററുകളാക്കിയപ്പോൾ കേരളം മടിച്ചു നിൽക്കുകയായിരുന്നു.

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ കൊവിഡ് സെന്ററുകളിലെ ഏകോപന ചുമതല പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി ബിശ്വനാഥ് സിൻഹയ്ക്കാണ്. അദ്ദേഹത്തെ അതത് ജില്ലാ കളക്ടർമാർ സഹായിക്കും. കൂടാതെ പാലക്കാട് ഡിവിഷണൽ മാനേജർ സായിബാബയ്‌ക്കും തിരുവനന്തപുരം അഡീഷണൽ ഡി.ആർ.എം ജയകുമാറിനും റെയിൽവേയും ചുമതല നൽകിയിട്ടുണ്ട്.

ചുമതലകൾ വിഭജിച്ചത് ഇങ്ങനെ

സർക്കാർ

രണ്ട് സെന്ററുകളിൽ ഡോക്ടർമാരും ജീവനക്കാരും

മൂന്നിടത്തും ആംബുലൻസ് സൗകര്യം

മാലിന്യ സംസ്കരണം

റെയിൽവേ

ഒരു സെന്ററിൽ ഡോക്ടർമാരും ജീവനക്കാരും

ശുചീകരണം, പരിപാലനം

സുരക്ഷ റെയിൽവേ പൊലീസ്

''കൊവിഡ് പ്രതിരോധത്തിന് ലഭ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. പാലക്കാട് ഡിവിഷനിൽ ആദ്യ റെയിൽവേ കൊവിഡ് സെന്റർ തുടങ്ങും''- ജി.സുധാരൻ, മന്ത്രി

''റെയിൽവേ നേത്തെ തന്നെ സജ്ജമാണ്. സർക്കാർ തീരുമാനം അനുസരിച്ച് മുന്നോട്ടു പോകും''- സായിബാബ, ഡിവിഷണൽ റെയിൽവേ മാനേജർ, പാലക്കാട്