തിരുവനന്തപുരം: സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റിലെ ആക്ടിംഗ് കോൺസൽ ജനറൽ അറ്റാഷെ റഷീദ് ഖാമിസ് അൽ ഷെയ്മെയ്ലിയുടെ മൊഴിയെടുക്കാൻ യു.എ.ഇ എംബസിയുടെ അനുമതി കാത്തിരിക്കയാണ് കസ്റ്റംസ്. അനുമതി തേടിക്കൊണ്ടുള്ള കത്ത് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം എംബസിക്ക് നൽകിയിരുന്നു.
റഷീദ് ഖാമിസിന്റെ പേരിലാണ് സ്വർണമടങ്ങിയ ബാഗേജ് കാർഗോയിലെത്തിയത്. സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഭക്ഷ്യവസ്തുക്കൾ മാത്രമേ യു.എ.ഇയിൽ നിന്ന് അയയ്ക്കാൻ ആവശ്യപ്പെട്ടുള്ളൂവെന്നുമാണ് റഷീദ് പറയുന്നത്. റഷീദിന്റെ ഒപ്പുള്ള കത്തുമായാണ് സരിത്ത് ബാഗേജ് എടുക്കാൻ കാർഗോയിലെത്തിയത്. കത്ത് ഒറിജിനലാണോ എന്നൊക്കെ ചോദിച്ചറിയേണ്ടതുണ്ട്.
കോൺസുലേറ്റിലേക്ക് ഇതിന് മുമ്പ് വന്ന ചില പാഴ്സലുകൾ എടുത്തിരുന്നത് സരിത്താണെന്നാണ് കണ്ടെത്തൽ. കോൺസുലേറ്റിന്റെ പേരിലെത്തുന്ന പാഴ്സലിന് പണം അടയ്ക്കേണ്ടത് അവരാണ്. എന്നാൽ ചില പാഴ്സലുകൾക്ക് സരിത്ത് പണം അടച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസലേറ്റ് വാഹനത്തിൽ കൊണ്ടുപോകേണ്ട പാഴ്സൽ സരിത്തിന്റെ വാഹനത്തിൽ കൊണ്ടുപോയിട്ടുമുണ്ട്. ഇതിന്റെയൊക്കെ ഉള്ളറ തുറക്കണമെങ്കിൽ റഷീദിന്റെ മൊഴിയെടുക്കണം.
കൊവിഡ് കാലത്തു കിട്ടിയ പദവി
റഷീദ് ഖാമിസ് ആക്ടിംഗ് കോൺസൽ ജനറലായി ചുമതലയേറ്റത് ഏപ്രിലിലായിരുന്നു. അതുവരെ ജമാൽ ഹുസൈൻ റഹ്മ ഹുസൈൻ അൽ സാബിയായിരുന്നു കോൺസൽ ജനറൽ. ഇന്ത്യയിൽ കൊവിഡ് പിടിപെട്ടതോടെ ഇദ്ദേഹം യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്നു. അങ്ങനെയാണ് കോൺസലേറ്റിലെ രണ്ടാമനായ റഷീദ് ഖാമിസ് ചുമതലയേറ്റത്.
ആരാണ് അറ്റാഷെ
കോൺസലേറ്റിലെ ഓഫീസറെയാണ് അറ്റാഷെ എന്ന് അറിയപ്പെടുന്നത്. കോൺസൽ ജനറലിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ. നയതന്ത്ര സംരക്ഷണമുള്ളതിനാൽ പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ നേരിട്ട് ചോദ്യം ചെയ്യാൻ അധികാരമില്ല. യു.എ.ഇയിൽ പോകുന്നവരുടെ വിസയുടെ കാലാവധി നീട്ടുന്നതടക്കം തീരുമാനമെടുക്കുന്നത് കോൺസൽ ജനറലാണ്. 20 ലക്ഷം രൂപയാണ് ശമ്പളം.