തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണായതിന് പിന്നാലെ ട്രിപ്പിൾ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ആറ്റുകാൽ, മണക്കാട്, കുര്യാത്തി വാ‌‌ർഡ് നിവാസികൾ ദുരിതത്തിലായി. 31 ദിവസമായി അടച്ചിട്ടിരിക്കുന്ന വാർഡിൽ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. മൂന്നു വാർഡുകളിലായി 30000ത്തോളം പേർ താമസിക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ നിയന്ത്രിത സമയത്തേക്ക് തുറന്ന് പ്രവർത്തിക്കുന്നുള്ളൂ. പല കടകളിലും ജോലി നോക്കിയിരുന്നവർക്ക് ഇപ്പോൾ ഒരുമാസമായി ജോലിയില്ല. ആദ്യം സൗജന്യ റേഷൻ കൃത്യസമയത്ത് ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ പല സ്ഥലത്തും റേഷൻ വൈകുന്ന അവസ്ഥയാണ്. ആദ്യം ജനതാ ഹോട്ടലും കമ്മ്യൂണിറ്റി കിച്ചണുമുണ്ടായിരുന്നപ്പോൾ കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇത് അവസാനിപ്പിച്ചതോടെ പലരും ദുരിതത്തിലായി. വാ‌ർഡ് കൗൺസിലർമാരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പല സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ചെറിയ സഹായങ്ങൾ ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ വാർഡ് കൗൺസിലർമാരും നിസഹായരാണ്. നഗരസഭയിൽ ഇക്കാര്യം അറിയിച്ചപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ കഴിയാതെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജോലിക്ക് പോകാൻ സാധിക്കാത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും ഇതുവരെ നടപ്പായില്ല. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്നവർക്ക് ഇപ്പോൾ നഗരത്തിന് അകത്തും പുറത്തും പോകാൻ കഴിയാത്ത അവസ്ഥയാണ്. കടകൾ തുറക്കുന്നതിലെ സമയക്കുറവ് കാരണം വ്യാപാരികളും ബുദ്ധിമുട്ടിലാണ്. നിലവിലെ ലോക്ക് ഡൗൺ സ്ഥിതി തുടരുകയാണെങ്കിൽ അവസ്ഥ കൂടുതൽ കഷ്ടത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു.

-----------------

ഈ മേഖലകളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. ലോക്ക് ഡൗൺ തീരുന്ന മുറയ്‌ക്ക് മാത്രമേ ഇളവുകൾ അനുവദിക്കാനാകൂ. ട്രിപ്പിൾ ലോക്ക് ഡൗൺ കഴിയുന്ന മുറയ്‌ക്ക് ഈ പ്രദേശങ്ങളിൽ ജനതാ ഹോട്ടൽ സ്ഥാപിക്കും. വലിയ പ്രശ്‌നങ്ങളില്ലാത്ത സ്ഥലത്ത് ഉപാധികളോടെ ഇളവുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കും.

മേയർ കെ. ശ്രീകുമാർ