തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സംരക്ഷിക്കുകയും ഐ.ടി വകുപ്പിൽ ജോലി നൽകുകയും ചെയ്ത ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത് നിയമനടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.
ആത്മകഥ എഴുതിയതിന്റെ പേരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ദീർഘകാലം ശിക്ഷിച്ച മുഖ്യമന്ത്രിയാണ് ശിവശങ്കറിന്റെ കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നത്. സ്വപ്ന സുരേഷ് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടിയത് സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഒളിവിൽ പോയിട്ട് 6 ദിവസം പിന്നിട്ടിട്ടും സ്വപ്നയ്ക്കെതിരെ പാരാതി നൽകാൻ ഐ.ടി വകുപ്പും തയ്യാറായില്ല. ഇത് പൊലീസ് തന്നെ ഇവർക്ക് സംരക്ഷണമൊരുക്കുന്നതിനാലാണെന്നും ഹസ്സൻ ആരോപിച്ചു.