sandeep-nair-

നെടുമങ്ങാട് : സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ പത്താംകല്ലിലെ 'കാർബൺ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ട് രാഷ്ട്രീയ വിവാദം കത്തുന്നു. മുഖ്യധാരാ പാർട്ടികളുടെയെല്ലാം നേതാക്കളുടെ പേരുകൾ നോട്ടീസിൽ ഉൾപ്പെടുത്തിയ സന്ദീപിന്റെ കുബുദ്ധിയാണ് വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. വനിതകളായ രണ്ടു തദ്ദേശ ജനപ്രതിനിധികളൊഴികെ മറ്റെല്ലാപേരും ചടങ്ങിൽ നിന്ന് വിട്ടു നിന്നെങ്കിലും പരസ്പരം ആരോപണത്തിന്റെ നിഴലിൽ നിറുത്താനാണ് ഭരണ, പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.

നഗരസഭ ചെയർമാനും പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവും സി.പി.എം ഏരിയ സെക്രട്ടറിയും അടക്കമുള്ളവരെ തെരഞ്ഞു പിടിച്ചാണ് ആക്രമണം. എന്നാൽ, ഇവരാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായർ ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാലയും ബാഗും തട്ടിപ്പറിച്ച കേസിൽ 2006 ൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മുക്കോലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട്ട് സജീവമായിരുന്ന കാലഘട്ടത്തിൽ പലപ്പോഴും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരോടൊപ്പം പരിപാടികളിൽ പങ്കെടുത്തിരുന്നു. കൊടിയുടെ നിറം നോക്കാതെ നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവരുടെ പേര് പറഞ്ഞ് മറ്റുപലരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. കരകുളം എട്ടാംകല്ലിലെ സ്വകാര്യ ഫ്‌ളാറ്റിൽ താമസിച്ചാണ് ഇയാൾ 'ബിസിനസി"ന് മേൽനോട്ടം വഹിച്ചിരുന്നത്.

സി.പി.എമ്മിനെതിരായ ആരോപണം വസ്‌തുതകൾ മറയ്ക്കാൻ : ആർ.ജയദേവൻ

നെടുമങ്ങാട് : പാർട്ടിയെയും പ്രവർത്തകരെയും ശത്രുപക്ഷത്ത് നിറുത്തി ആക്രമിച്ചിട്ടുള്ള വ്യക്തിയാണെന്ന് ബോദ്ധ്യമുള്ളതിനാലാണ് ഇയാളുടെ ഉടമസ്ഥതയിൽ പത്താംകല്ലിൽ ആരംഭിച്ച 'കാർബൺ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്ന് വിട്ടു നിന്നതെന്നും ഉദ്‌ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ മുതൽ സമ്പൂർണ സഹായികളായി പ്രവർത്തിച്ചവർ കോൺഗ്രസ് നേതാക്കളാണെന്നും സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദീപിന്റെ മലയിൻകീഴുള്ള സ്ഥാപനം ഉദ്‌ഘാടനം ചെയ്തത് കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റാണ്. ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. വസ്തുതകൾ മറച്ചുവച്ചാണ് കോൺഗ്രസും ബി.ജെ.പിയും പ്രദേശത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രകടനവും സമരവും നടത്തുന്നതെന്നും സി.പി.എം നേതാക്കളെ കരിവാരി തേയ്ക്കാനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ.ആർ.ജയദേവൻ വ്യക്തമാക്കി.

വരുമാന സ്രോതസ് അന്വേഷിക്കണം : ആനാട് ജയൻ

നെടുമങ്ങാട് : സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയിലെ നേതാക്കൾക്ക് സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും പ്രാദേശിക നേതാക്കളുടെ വരുമാന സ്രോതസും കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ ആനാട് ജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സന്ദീപും കുടുംബവും സി.പി.എം പ്രവർത്തകരാണെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടി.അർജുനൻ ആരോപിച്ചു.