
മലയിൻകീഴ് :വിളവൂർക്കൽ വേങ്കൂർ കല്ലുപാലത്തിന് സമീപത്തെ വാഴത്തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തി.വേങ്കൂർ വാർഡ് അംഗം ജി സജനകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതാ പ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിൽ വിവിധ തരത്തിലുള്ള 500 പായ്ക്കറ്റ് പുകയില ഉല്പ്പന്നങ്ങളാണ് ലഭിച്ചത്.സമീപത്തുള്ള പെട്ടിക്കടയിൽ പുകയില ഉല്പന്നങ്ങൾ വില്പനയുണ്ടെന്ന വിരം വിളവൂർക്കൽ ഗവ.സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നേരത്തെ ലഭിച്ചിരുന്നു.പെട്ടിക്കടയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.കണ്ടെത്തിയ പുകയില ഉല്പന്നങ്ങൾ പെട്ടിക്കട കാരന്റെതാണെന്ന് ആരോഗ്യവകുപ്പിന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് താക്കീത് നൽകുകയും പിഴചുമത്തുകയും ചെയ്തു.വാർഡ് അംഗത്തിന് പുറമേ ഹെൽത്ത് ഇൻസ്പെക്ടർ മാരായ വി പി വിനോദ്,സി.കെ.അരവിന്ദൻ,ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിലിൽ നടത്തിയത്.