മലയിൻകീഴ്: വിളവൂർക്കൽ വേങ്കൂർ കല്ലുപാലത്തിന് സമീപം വാഴത്തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. വേങ്കൂർ വാർഡംഗം ജി. സജനകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതാ പ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിൽ വിവിധ തരത്തിലുള്ള 500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ലഭിച്ചത്. സമീപത്തെ പെട്ടിക്കടയിൽ പുകയില ഉത്പന്നങ്ങൾ വില്പനയുണ്ടെന്ന വിവരം വിളവൂർക്കൽ ഗവ.സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നേരത്തെ ലഭിച്ചിരുന്നു. പെട്ടിക്കടയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ കണ്ടെത്തിയ പുകയില ഉത്പന്നങ്ങൾ പെട്ടിക്കടകാരന്റേതാണെന്ന് ആരോഗ്യവകുപ്പിന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് താക്കീത് നൽകുകയും പിഴചുമത്തുകയും ചെയ്തു. വാർഡ് അംഗത്തിന് പുറമേ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. വിനോദ്,സി.കെ.അരവിന്ദൻ,ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.