തിരുവനന്തപുരം: കേരളത്തിൽ സ്വർണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കിവിളിയിലും കലാപശ്രമത്തിലും ഏർപ്പെട്ടിരിക്കുന്നത് കുറ്റവാളികളുടെ കൂട്ടുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ ബി.ജെ.പിയും യു.ഡി.എഫും ഒറ്റക്കെട്ടാണ്.
സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ബാഗേജ് വിട്ടുകൊടുക്കാനായി സംഘപരിവാർ പ്രവർത്തകനായ ക്ലിയറിംഗ് ഏജന്റ് നടത്തിയ ഇടപെടലിനെ വെള്ളപൂശാനാണ്. അതേസമയം, സ്വർണം കടത്തിയത് നയതന്ത്ര ബാഗിലാണെന്ന് എൻ.ഐ.എയുടെ പ്രസ്താവനയും വന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമോയെന്ന് അദ്ദേഹം ആലോചിക്കണമെന്ന് കോടിയേരി പറഞ്ഞു.
കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്‌നേഹം പ്രസംഗിക്കുന്ന സംഘടനയുടെ നേതാവ് തന്നെ നേരിട്ടിറങ്ങിയിരിക്കുന്നു. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു.
കൊവിഡ് ദുരന്തകാലത്ത് പോലും നാടിനെയും നാട്ടുകാരെയും കുരുതി കൊടുത്ത് ഹീനമായ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ശ്രമിക്കുന്ന ബി.ജെ.പി - യു.ഡി.എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.
കേസ് എൻ.ഐ.എയെ ഏൽപ്പിച്ച കേന്ദ്ര തീരുമാനം ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വർണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്വർണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരെ വിരൽചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ അതെല്ലാം അന്വേഷകർക്ക് കൈമാറണം.
കേരളത്തെ കൊവിഡ് മഹാമാരിയിൽനിന്ന് രക്ഷിക്കാൻ അദ്ധ്വാനിച്ച്, അതിൽ സാർവദേശീയ മാതൃക സൃഷ്ടിച്ച് തിളങ്ങിനിൽക്കുന്ന സർക്കാരിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ കൂക്കിവിളിയിലേർപ്പെട്ടവർക്ക് കഴിയില്ലെന്നും കോടിയേരി പറഞ്ഞു.