fake-news

നെടുമങ്ങാട്: നഗരസഭ പരിധിയിൽ കൊവിഡ് സ്ഥിരീകരിച്ച എ.ആർ ക്യാമ്പിലെ സബ് ഇൻസ്‌പെക്ടർ സമൂഹ വ്യാപനത്തിന് ഇടയാക്കിയെന്ന പ്രചാരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് തെളിഞ്ഞതായി നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. അമ്പതോളംപേർ പങ്കെടുത്ത മകന്റെ വിവാഹ നിശ്ചയചടങ്ങിൽ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഇരട്ട സഹോദരിയുടെ മകന്റെ വിവാഹ നിശ്ചയച്ചടങ്ങാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ചടങ്ങിൽ എസ്.ഐ പങ്കെടുത്തില്ലെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യയുടെ മുഖസാദൃശ്യമുള്ള ഇരട്ടസഹോദരിയും മറ്റു ബന്ധുക്കളും നിൽക്കുന്ന ഫോട്ടോ പരിചയക്കാർ വഴി ആരോഗ്യപ്രവർത്തകരുടെ കൈയിലെത്തിയതാണ് എസ്.ഐക്ക് വിനയായത്. തുടർന്നാണ് തെറ്റിദ്ധാരണ ആയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. മേലാങ്കോട് സ്വദേശിയായ എസ്.ഐ കഴിഞ്ഞ 9 ന് ഹൈവേ പട്രോൾ ഡ്യൂട്ടിയിലായിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഉടനെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇദ്ദേഹത്തോടൊപ്പം റൂമിൽ താമസിച്ചിരുന്ന ഒരു പൊലീസുകാരനിൽ നിന്നുള്ള സമ്പർക്കമാണ് രോഗം ബാധിക്കാൻ ഇടയായതെന്ന് അധികൃതർ അറിയിച്ചു. എസ്.ഐയോടൊപ്പം ഡ്യൂട്ടി നോക്കിയ 65 പൊലീസുകാരുടെ പരിശോധനയിൽ എല്ലാപേരും നെഗറ്റീവാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക സാദ്ധ്യതയുണ്ടെന്ന സംശയത്തിൽ സ്ഥലവാസികളുടെ സ്രവ പരിശോധനയിലും പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. താൻ കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും സന്ദർശിച്ചുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് എസ്.ഐ പറഞ്ഞു.