krishnankutty

തിരുവനന്തപുരം: സ്വർണക്കടത്തിന്റെ പേരിൽ പ്രതിപക്ഷം നടത്തിവരുന്ന സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജനതാദൾ-എസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പ്രസ്താവിച്ചു.

സ്വർണക്കടത്ത് കേസിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുകയും എൻ.ഐ.എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. യു.എ.ഇ സർക്കാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നിട്ടും പുകമറ സൃഷ്ടിച്ച് സമരവുമായി തെരുവിലിറങ്ങുകയാണ് യു.ഡി.എഫും ബി.ജെ.പിയും.

കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയത്താണ്, അതിനെയൊക്കെ നിർവീര്യമാക്കുംവിധത്തിലുള്ള സമരങ്ങൾ. സത്യം പുറത്തുവരണമെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നുമുള്ള താല്പര്യം പ്രതിപക്ഷത്തിന് അശേഷമില്ല. അവരുടെ ചിന്ത അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരെ കൊവിഡിന്റെ പിടിയിലേക്ക് തള്ളിയിടാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.