വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഹരിഹരപുരം കായൽ ടൂറിസം പദ്ധതി പെരുവഴിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. 2016ലാണ് പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് യോജിച്ച ഹരിഹരപുരം തീരത്ത് ടൂർഫെഡിന്റെ നേതൃത്വത്തിൽ ടൂറിസം വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമിട്ടത്. പ്രകൃതിയുടെ മനോഹര കാഴ്ചകൾ നിറഞ്ഞ ഹരിഹരപുരം കായലോരത്തിന്റെ ടൂറിസം വികസനത്തിനായുള്ള പദ്ധതികളാണ് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം പെരുവഴിയിലായത്. പൊതുവേ യാതൊരുവികസനവും ഇല്ലാത്ത പ്രദേശമാണ് ഹരിഹരപുരം.
മൂന്നര വർഷം മുൻപ് കായൽത്തീരത്തെ കയർ സംഘത്തോട് ചേർന്നുള്ള 20.5 സെന്റ് ഭൂമി ടൂർഫെഡിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. സ്ഥലം അളന്നുതിട്ടപ്പെടുത്തുകയും ചെയ്തു. സ്ഥലം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതാണ് പദ്ധതിക്ക് തടസമാകുന്നത്. ഉടമസ്ഥാവകാശത്തർക്കത്തിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഇഴയുകയാണ്.
ദേശീയ ജലപാതയോട് ചേർന്ന് കിടക്കുന്ന കായലിൽ ബോട്ടിംഗ് ഉൾപ്പെടെ ടൂറിസം വികസനത്തിന് അനന്ത സാദ്ധ്യതകളുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് തടസമാകുന്നു. കായൽപ്പുറം, പള്ളിത്തൊടി, കല്ലാഴിത്തൊടി, തൂമ്പിത്തൊടി തുടങ്ങിയ കായലോര പ്രദേശത്താണ് ടൂറിസം സാദ്ധ്യതയുള്ളത്. ബോട്ടിംഗ്, അഡ്വഞ്ചർ ടൂറിസം എന്നിവയ്‌ക്കെല്ലാം അനുയോജ്യമാണ് ഈ പ്രദേശം.