തിരുവനന്തപുരം: സ്വർണക്കടത്ത് സംസ്ഥാനത്ത് നടന്ന കുറ്റകൃത്യമായിട്ടും പൊലീസ് കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകി.
വെറും കസ്റ്റംസ് കേസാക്കി ഒതുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വ്യാജരേഖ ചമയ്ക്കൽ, സ്വർണക്കടത്ത്, ആൾമാറാട്ടം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡി.ജി.പിക്ക് കത്ത് നൽകിയത്.
പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ സ്വപ്ന സുരേഷിനെതിരായ കാര്യങ്ങൾ അന്വേഷിക്കാം. അറസ്റ്റ് ചെയ്യാം. ശിവശങ്കറിനെതിരെ കേസെടുക്കാം. ഒരാഴ്ചയായി ഒരു പ്രതി കണ്ണുവെട്ടിച്ച് കറങ്ങി നടക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് കസ്റ്റംസ് അന്വേഷണം നടക്കട്ടെയെന്നാണ്. സ്വപ്നയെയും ശിവശങ്കറിനെയും സഹായിക്കാനാണിത്.
തനിക്കെതിരെ ക്രിമിനൽ കേസില്ലെന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജിയിൽ പറയാൻ സ്വപ്നയ്ക്ക് അവസരമൊരുക്കിയത് ക്രൈംബ്രാഞ്ചാണ്. എൻ.ഐ.എ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സി.ബി.ഐയും വരണം. സി.ബി.ഐ എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിറളി പിടിക്കുന്നത് എന്തുകൊണ്ടെന്ന് എല്ലാവർക്കും അറിയാം.
പഴിചാരുന്നത് വീഴ്ച മറയ്ക്കാൻ
കൊവിഡ് പ്രതിരോധത്തിലെ വീഴ്ച മറയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പഴിചാരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധം തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയായില്ല. പൂന്തുറയിലുണ്ടായ പ്രതിഷേധത്തിൽ പള്ളിവികാരിയും സി.പി.എം ലോക്കൽസെക്രട്ടറിയും പങ്കെടുത്തതായി രമേശും ഒപ്പമുണ്ടായിരുന്ന വി.എസ്. ശിവകുമാർ എം.എൽ.എയും പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ സർക്കാരുമായി പൂർണ്ണമായി സഹകരിച്ചാണ് പോകുന്നത്. എന്നുവച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന അഴിമതികൾ ചൂണ്ടിക്കാട്ടാതെയും പ്രതിഷേധിക്കാതെയും ഇരിക്കാനാവില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യു.ഡി.എഫ് സമരം. ഒറ്റപ്പെട്ട ആവേശപ്രകടനങ്ങളുണ്ടായെങ്കിൽ തിരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.