online

കിളിമാനൂർ: കേരളത്തിൽ എവിടെയുമുള്ള വിദ്യാ‌ർത്ഥികൾക്ക് സൗജന്യ ഓൺലൈൻ വിദ്യാഭ്യാസം ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ് ഒരുക്കി അദ്ധ്യാപക കൂട്ടായ്മ. കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകരാണ് സ്കൂളിന്റെ പേരിൽ പുതിയ വെബ്സൈറ്ര് ആരംഭിച്ചത്. ഇതിലൂടെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ എല്ലാ വിഷയങ്ങളുടെയും സ്റ്റഡി നോട്ടുകളും മുൻകാല ചോദ്യപേപ്പറുകളും വീഡിയോ ക്ലാസുകളും ലഭിക്കും.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അദ്ധ്യാപകർ തയ്യാറാക്കിയ നോട്ടുകളാണ് സൈറ്രിലൂടെ ലഭിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള സ്റ്റഡിനോട്ടുകൾ അടുത്ത മാസം മുതൽ ഈ വെബ്സൈറ്റിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ലോക്ക് ഡൗൺസമയത്ത് ആർ.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ആരംഭിച്ച വെബ് സൈറ്റാണ് ഇന്ന് കേരളത്തിൽ എവിടെയുമുള്ള വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന തരത്തിലാക്കിയത്. ലോക്ക്ഡൗൺ കാലത്ത് ആർ.ആർ.വി സ്‌കൂൾ സൗജന്യമായി നടത്തിയ ഓൺലൈൻ എൻട്രൻസ് പരീക്ഷയിൽ 50000 മേൽ കുട്ടികൾ പങ്കെടുത്തിരുന്നു.

കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനായ വിഷ്ണു കല്പടക്കൽ സൈറ്രിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ.

പ്രവർത്തനം ഇങ്ങനെ

www.rrvgirls.com എന്ന വെബ്സൈറ്റ് കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമാണ്. ജീവനക്കാർക്ക് അത്യാവശ്യമായ ഗവൺമെന്റ് ഫോമുകൾ, ഉത്തരവുകൾ എന്നിവ സൈറ്റിലൂടെ ലഭിക്കും.ഓരോ ക്ലാസുകളിലെയും വിവിധ വിഷയങ്ങളുടെ സ്റ്റഡി നോട്ടുകൾ, ഓരോ പാഠത്തിന്റെയും വീഡിയോ ക്ലാസുകൾ, പുതിയ വിദ്യാഭാസവുമായി ബന്ധപ്പെട്ട വാർത്തകൾ, പ്രധാനപ്പെട്ട വെബ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ, കേരളത്തിലെ വിവധ സ്കൂളുകളുടെ വിവരങ്ങൾ, സ്കൂളിന്റെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഫോൺ നമ്പറുകൾ എന്നിവയും സൈറ്റിലുണ്ട്.