തിരുവനന്തപുരം: തീവ്രവാദ ഫണ്ടിംഗിനുൾപ്പെടെ കേരളത്തിലേക്ക് കടത്തുന്ന ആഫ്രിക്കൻ സ്വർണം വിദേശ രാജ്യങ്ങളുടെ സെക്യൂരിറ്റി പ്രസുകളിൽ യഥാർത്ഥ കറൻസി പേപ്പറിൽ അച്ചടിക്കുന്ന വ്യാജകറൻസി ഉപയോഗിച്ചാണ് വാങ്ങിക്കൂട്ടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളുടേതുൾപ്പെടെയുള്ള കറൻസികളാണ് വ്യാജമായി അച്ചടിക്കുന്നത്.
പലരാജ്യങ്ങളിലും സ്വന്തം കറൻസി അച്ചടിക്കുന്ന ദശകോടികൾ വിലയുള്ള സുരക്ഷാപ്രസുകളിൽ ഇത്തരം കള്ളനോട്ടുകൾ അച്ചടിക്കുന്നുണ്ട്. പാകിസ്ഥാനിലെ സെക്യൂരിറ്റി പ്രസുകളിൽ അച്ചടിച്ച വ്യാജ ഇന്ത്യൻ കറൻസി ഇന്ത്യയിലേക്ക് കടത്തുന്നതായിരുന്നു മുൻപുള്ള രീതി. നോട്ടുനിരോധനത്തോടെ ആ വഴി അടഞ്ഞപ്പോൾ വ്യാജകറൻസിയിൽ നിന്ന് സ്വർണക്കട്ടികളിലേക്ക് തീവ്രവാദ ഫണ്ടിംഗിന്റെ രൂപവും മാറി.
വ്യാജനോട്ടുകളുപയോഗിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളിലും ശുദ്ധീകരണശാലകളിലും നിന്ന് വാങ്ങുന്ന സ്വർണം യു.എ.ഇ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ ഇടത്താവളങ്ങളിൽ എത്തിച്ചാണ് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് കടത്തുന്നത്. പലതട്ടിലുള്ള കാരിയർമാർക്ക് കിലോയ്ക്ക് രണ്ടും മൂന്നും ലക്ഷം രൂപ കൂലിയും വിമാനടിക്കറ്റുകളും ചെലവുമൊക്കെ നൽകിയാണ് സ്വർണം കൊണ്ടുവരുന്നത്. യു.എ.ഇയിലേക്ക് ആഫ്രിക്കയിൽ നിന്ന് സ്വർണമെത്തിക്കുന്നവരിൽ മലയാളികളുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വർണഖനനം നടത്തുന്ന മലയാളികളും ഉണ്ടന്നാണ് വിവരം.
വ്യാജ കറൻസി പ്രസും
ഏതു രാജ്യത്തിന്റെയും കറൻസിയിലെ സുരക്ഷാമാനദണ്ഡങ്ങളുള്ള പ്രിന്റിംഗ് മെഷീൻ നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. കറൻസി സ്വന്തമായി അച്ചടിക്കാതെ മറ്റുരാജ്യങ്ങളിൽ നിന്ന് പ്രിന്റ് ചെയ്ത് വാങ്ങുന്ന ആഫ്രിക്കൻ രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിൽ ആഫ്രിക്കൻ കറൻസി വ്യാജമായി അച്ചടിക്കാം. കറൻസി പേപ്പറിൽ ലിനൻ കൂടി ഉൾപ്പെട്ട യു.എസ് ഡോളർ ഇറാൻ വ്യാജമായി നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യക്ക് കറൻസി പേപ്പർ നൽകുന്നത് ആറ് യൂറോപ്യൻ കമ്പനികളാണ്. ഇതേ പേപ്പറും സ്വിറ്റ്സർലന്റിലെ കമ്പനി ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേക മഷിയും പാകിസ്ഥാന് ലഭിക്കുമായിരുന്നു. അതാണ് ഐ.എസ്.ഐ മേൽനോട്ടത്തിൽ കറാച്ചിയിലെയും മറ്റും സെക്യൂരിറ്റി പ്രസുകളിൽ അച്ചടിച്ചിരുന്ന ഇന്ത്യൻ കറൻസിക്ക് ഇത്ര ഒറിജിനാലിറ്റിയുണ്ടായിരുന്നത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
വാട്ടർമാർക്കും മറ്റ് സുരക്ഷാ അടയാളങ്ങളും അതേപടി പകർത്തിയ ഒറിജിനലിനെ വെല്ലുന്ന വ്യാജകറൻസി എൻ.ഐ.എ കേരളമടക്കം രാജ്യത്തെ ഒൻപതിടങ്ങളിൽ നിന്ന് പിടിച്ചിട്ടുണ്ട്. ഈ കള്ളനോട്ടുകൾ മുംബയിലെയും കൊച്ചിയിലെയും റിസർവ് ബാങ്കുകളിലും മൈസൂരിലെ ബാങ്ക് നോട്ട് പ്രസിലും നാസിക്കിലെ കറൻസി നോട്ട് പ്രസിലും സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷനിലും പരിശോധിച്ചിരുന്നു. വ്യാജനോട്ടുണ്ടാക്കിയ കടലാസിൽ യഥാർത്ഥ പൾപ്പാണെന്നും ഒരേ അച്ചടി വിദ്യയാണ് എല്ലാനോട്ടിലും എന്നും അങ്ങനെയാണ് കണ്ടെത്തിയത്.
സാമ്പത്തിക ഭീകരപ്രവർത്തനം
വിദേശത്തെ വ്യാജ കറൻസി നിർമ്മാണവും അതുപയോഗിച്ചുള്ള സ്വർണക്കടത്തും രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകർക്കാനുള്ള ഭീകരപ്രവർത്തനമായാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കാണുന്നത്. ഇന്ത്യയ്‌ക്കു പുറത്ത് രാജ്യതാത്പര്യത്ത ബാധിക്കുന്ന ഏത് കുറ്റകൃത്യവും അന്വേഷിക്കാൻ എൻ.ഐ.എക്ക് അധികാരമുണ്ട്.