കൊല്ലം: ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോഴേക്കും മത്സ്യബന്ധനത്തിന് പോകാനായി തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നെത്തിയ മത്സ്യതൊഴിലാളികളുടെ താമസത്തെച്ചൊല്ലി ഓച്ചിറ ആയിരംതെങ്ങിലും വള്ളിക്കാവിലും തർക്കം. വള്ളിക്കാവ് സ്വദേശിയായ ഒരു ബോട്ട് ഉടമയുടെ ബോട്ടിൽ ജോലിക്കായി എത്തിയതാണ് ഇവർ. ആയിരംതെങ്ങ് ജംഗ്ഷന് സമീപത്തെ ഒരു ഹോട്ടൽ മുറിയിൽ ഇവർ താമസിക്കാനെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജംഗ്ഷന് സമീപംചുറ്റുമതിലില്ലാത്ത ലോഡ്ജിൽ മതിയായ സുരക്ഷാ സംവിധാനമില്ലാതെ കൊവിഡ് കാലത്ത് അയൽസംസ്ഥാനത്ത് നിന്നെത്തിയവരെ താമസിപ്പിക്കുന്നത് നാട്ടുകാർ എതിർത്തു. പൂന്തുറയിൽ രോഗവ്യാപനത്തിന്റെ തുടക്കം കുളച്ചിലിൽ നിന്നുള്ള മത്സ്യതൊഴിലാളികളുമായുള്ള സമ്പർക്കമാണെന്ന് ആരോപിച്ചായിരുന്നു എതിർപ്പ്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും പൊലീസുമെത്തി ബോട്ട് ഉടമയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ഇവിടെ നിന്ന് മടങ്ങി. പിന്നീട് ബോട്ടുടമയുടെ വീടിന് സമീപം വള്ളിക്കാവിലെ ഒരു വീട് വാടകയ്ക്കെടുത്ത് താമസിപ്പിക്കാനുളള ശ്രമം നടത്തിയെങ്കിലും അതും സംഘർഷത്തിന്റെ വക്കോളമെത്തി. വിവരമറിഞ്ഞ് കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് മത്സ്യതൊഴിലാളികൾ ഇവിടെ നിന്ന് ഒരാവശ്യത്തിനും പുറത്തിറങ്ങരുതെന്ന ഉറപ്പിൽ താമസിക്കാൻ അനുമതി നൽകി. ഇവരെ നിരീക്ഷിക്കാൻ കെയർ ടേക്കറെ നിയോഗിച്ചതായി കുലശേഖരപുരം പഞ്ചായത്ത് അറിയിച്ചു.