s
15ന് എത്തുന്ന എവർ ഗ്ലോബ് ചരക്കു കപ്പൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽപെടുന്ന ക്രൂ ചെയിഞ്ചിംഗ് ടെർമിനൽ യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യപടിയായി ഈജിപ്തിൽ നിന്നും ശ്രീലങ്കയിലേക്കു പോകുന്ന ചരക്ക് കപ്പൽ ക്രൂ ചെയിഞ്ചിനായി 15ന് വിഴിഞ്ഞത്ത് പുറംകടലിൽ നങ്കൂരമിടും.

കണ്ടെയ്‌നറുകളുമായി ജൂൺ 26 ന് പുറപ്പെട്ട എവർ ഗ്ലോബ് എന്ന കൂറ്റൻ ചരക്കു കപ്പലാണ് വരുന്നത്. മലയാളിയുൾപ്പെടെ 23 ഇന്ത്യക്കാരായ ക്രൂ ( ജീവനക്കാർ) കരയിലിറങ്ങി പകരം ആളുകൾ കയറും.

15ന് എത്തുന്ന കപ്പലിൽ കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥ സംഘം ബോട്ടിൽ കപ്പലിലെത്തും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും നടപടികൾ.

കൊവിഡ് കാലത്ത് ഇതര തുറമുഖങ്ങളെ അപേക്ഷിച്ച് സുരക്ഷിതമെന്ന നിലയ്ക്കാണ് ഇവിടെ കപ്പൽ അടുക്കുന്നത്. ഇത്തരം ഒരു ക്രൂ ചെയ്ഞ്ചിംഗ് നടപടിയിൽ വാടക ഇനത്തിലുൾപ്പെടെ തുറമുഖ വകുപ്പിന് വൻ വരുമാനമുണ്ടാവും. അനുബന്ധ സൗകര്യമെന്ന നിലയ്ക്ക് ടഗ്, കപ്പലുകൾക്കു വേണ്ട ഇന്ധനം, വെള്ളം എന്നിവ നിറച്ചു നൽകുന്ന ബങ്കറിംഗ് സംവിധാനമടക്കമുള്ളവ സജ്ജമാക്കേണ്ടതുണ്ട്.

എന്താണ് ക്രൂ ചെയ്ഞ്ചിംഗ്

അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെ കടന്നു പോകുന്ന വലിയ കപ്പലുകളിലെ ക്യാപ്‌ടനുൾപ്പെടെയുള്ള ജീവനക്കാർക്ക് കരയിലിറങ്ങേണ്ട സാഹചര്യം വന്നാൽ പകരം ക്രൂവിനെ കയറ്റി വിടുന്നതിനുള്ള സംവിധാനമാണ് ക്രൂ ചെയ്ഞ്ചിംഗ് പോയിന്റ്.മൂന്നു മാസത്തിലൊരിക്കൽ ക്രൂ ചെയ്ഞ്ച് എന്നതനുസരിച്ചാണ് ജീവനക്കാർ മാറിക്കയറുന്നത്.

 ജീവനക്കാർക്ക് പി.പി.ഇ കിറ്റ് ധരിച്ച്

കപ്പലിൽ നിന്ന് ജീവനക്കാർ പുറത്തു വരുന്നത് പി.പി.ഇ കിറ്ര് ധരിച്ചായിരിക്കും. ഇവർക്കായി ആരോഗ്യ പരിശോധന തുറമുഖത്തു വച്ചു തന്നെ നടത്തും. ശേഷം ഇവർ ക്വാറന്റൈനിൽ പോകും.