തിരുവനന്തപുരം : കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ ലഭ്യമാക്കി വരുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്. രണ്ടാഴ്ചക്കിടെ 68,814കുട്ടികൾക്ക് സേവനം നൽകി. ഇതിൽ 10,890കുട്ടികൾക്ക് കൗൺസിലിംഗും 13 കുട്ടികൾക്ക് ഔഷധ ചികിത്സയും നൽകി. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കൾ ശ്രദ്ധിക്കണം. എന്തെങ്കിലും അപാകതകൾ തോന്നുന്നെങ്കിൽ ജില്ലയിലെ സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.