oet

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ ജോലിക്കോ പഠനത്തിനോ പോകുന്നവർക്കു വേണ്ടിയുള്ള ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് (ഒ.ഇ.ടി) അമേരിക്കയുടെ അംഗീകാരം. എഡ്യുക്കേഷണൽ കമ്മിഷൻ ഫോർ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ്,​ ​ ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഒഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ, ഫ്ളോറിഡ ബോർഡ് ഒഫ് നഴ്സിംഗ്, ഒറിഗോൺ സ്റ്റേറ്റ് ബോർഡ് ഒഫ് നഴ്സിംഗ് എന്നിവയുടെ അംഗീകാരമാണ് ഒ.ഇ.ടി ക്ക് ലഭിച്ചത്.

ബ്രിട്ടൻ,​ ആസ്‌ട്രേലിയ,​അയർലൻഡ്,​ന്യൂസിലൻഡ് തുടങ്ങി ഒമ്പത് രാജ്യങ്ങൾ നേരത്തേ ഒ.ഇ.ടി അംഗീകരിച്ചിരുന്നു. മെഡിക്കൽ ബിരുദധാരികളുടെ ആശയവിനിമയശേഷി വിലയിരുത്തുന്ന ഈ പരീക്ഷ, യു.എസ് കൂടി അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പ്രയോജനം ലഭിക്കും. ആഗസ്റ്റിൽ നടക്കുന്ന ഒ.ഇ.ടിക്ക് ഇപ്പോൾ പ്രീ രജിസ്‌ട്രേഷൻ ചെയ്യാം.
യു.എസിൽ റസിഡൻസി, ഫെലോഷിപ്പ് പ്രോഗ്രാമുകൾക്കും മെഡിക്കൽ ലൈസൻസിംഗ് അതോറിട്ടിയിൽ നിന്ന് പ്രാക്ടീസിംഗ് ലൈസൻസ് കിട്ടാനും ഇ.സി.എഫ്.എം.ജി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷനാണ് (ഒഡെപെക്)​ കേരളത്തിൽ ഈ പരീക്ഷ നടത്തുന്നത്.