തിരുവനന്തപുരം: പൂന്തുറയിൽ കഴിഞ്ഞ ദിവസം ജനം ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. ആൾക്കൂട്ടമുണ്ടാക്കി ലോക്ക് ഡൗൺ ലംഘനം, പരിശോധനയ്ക്ക് എത്തിയ ഡോക്ടർമാരുടെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ എന്നിവയ്ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിച്ചില്ലെന്നാരോപിച്ച് വലിയ ജനക്കൂട്ടം വിലക്ക് ലംഘിച്ച് സംഘടിച്ചതും പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ തടയുകയും ചെയ്തത്. മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമായിരുന്നു നാട്ടുകാരുടെ പരാതി.