തിരുവനന്തപുരം: തീരദേശ മേഖലയിൽ ആരംഭിച്ച കൊവിഡിന്റെ അനിയന്ത്രിത വ്യാപനം മലയോര മേഖലയിലെത്തിയതോടെ ജനങ്ങൾ ആശങ്കയിൽ. അമ്പലത്തറയിലെ കുമരിച്ചന്തയിൽ മത്സ്യ മൊത്തവിതരണക്കാരന് കൊവിഡ് സ്ഥിരീകരിച്ച് 10 ദിവസം പിന്നിടുന്നതിന് മുമ്പേ ഗ്രാമ മേഖലയിൽ ഉറവിടമറിയാത്ത രോഗികൾ വർദ്ധിച്ചതാണ് രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ, സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, നഴ്സ്, ആശാവർക്കർമാർ എന്നിങ്ങനെ ആറുപേർക്കാണ് ഒരേ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട അറുനൂറിലധികം പേരുടെ സ്രവ പരിശോധന നടക്കുന്നതിടെയാണ് ഉഴമലയ്ക്കൽ പഞ്ചായത്തിലുള്ള പൊലീസുകാരനും പൂവച്ചൽ പഞ്ചായത്തിലെ ഓക്‌സിജൻ സിലിണ്ടർ ഏജൻസിയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിൽ അമ്പതോളം പേരാണുള്ളത്. ഇവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കായി ആര്യനാട് ആതിര ഓഡിറ്റോറിയത്തിൽ ഇന്ന് കൊവിഡ്‌ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽപ്പെട്ട അമ്പതോളം പേരെ ഉൾപ്പെടുത്തിയ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കായി ഞായറാഴ്ച പാലമുക്കിൽ സ്രവ പരിശോധന നടത്തും. നെടുമങ്ങാട് നഗരസഭയിൽ രണ്ടും പനവൂർ പഞ്ചായത്തിൽ ഒന്നും വീതം പൊലീസുകാർക്കും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്ക രോഗികളുടെ എണ്ണവും കൂടുതലാണ്.