vk-madhu

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കലിലും പൂവച്ചലിലും കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ വണ്ടയ്ക്കലിലാണ് ഇന്നലെ ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊവിഡ്‌ പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള അമ്പതോളം പേർക്കായി ആര്യനാട് ആതിര ഓഡിറ്റോറിയത്തിൽ ഞായറാഴ്ച കൊവിഡ്‌ ടെസ്റ്റ് നടത്തും. ഉഴമലയ്ക്കൽ പഞ്ചായത്ത് ഓഫീസിൽ അടിയന്തരയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. തഹസിൽദാർ, മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ റഹീം, മറ്റു ജനപ്രതിനിധികൾ, സർക്കിൾ ഇൻസ്‌പെക്ടർമാരായ യഹിയ, എസ് ഷാജി മറ്റ് ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട്, ചിറ്റുവീട്, മുമ്പാല എന്നീ വാർഡുകൾ ഭാഗികമായി അടച്ചു. പൂവച്ചൽ പഞ്ചായത്തിൽ ആലമുക്ക് വാർഡിൽ ഓക്സിജൻ സിലിണ്ടർ ഏജൻസിയിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള അമ്പതോളം പേർക്ക് ഞായറാഴ്ച പാലമുക്കിൽ സ്രവ പരിശോധന നടത്തും. കർശന നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം. ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലും മലയോര മേഖലയിലും കൂടി കാെവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗൗരവമായി കണക്കിലെടുക്കണമെന്നും വി.കെ. മധു പറഞ്ഞു.