തിരുവനന്തപുരം: പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങിയത് സർക്കാർ മുന്നൊരുക്കങ്ങൾ നടത്താത്തതിലുള്ള സ്വാഭാവിക പ്രതിഷേധമാണെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. പൊലീസിനെ വിളിച്ചാൽ അത്യാവശ്യ സാധനങ്ങൾ എത്തിക്കുമെന്ന് പറഞ്ഞു. ആരോഗ്യ വകുപ്പിനെ വിളിച്ചാൽ സൗകര്യങ്ങളെത്തിക്കുമെന്ന് പറഞ്ഞു.
ഒരു പൊലീസ് ഓഫീസറും ഫോണെടുത്തില്ല. അഞ്ചു ദിവസമായി ട്രിപ്പിൾ ലോക്ക് ഡൗണിൽ കിടക്കുന്ന അവിടെ ജനങ്ങൾ മുഴുപട്ടിണിയിലാണ്. രാവിലെ സാധനങ്ങൾ വാങ്ങാൻ എത്തിയ ജനങ്ങളെ പൊലീസ് വിരട്ടി ഓടിക്കുകയായിരുന്നു. തുടർന്നാണ് അവർ സംഘടിച്ച് പ്രതിഷേധിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർ പൂന്തുറയിൽ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രിസനെതിരെ മത്സരിച്ച ഇടതു സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ജനങ്ങളെ ഇളക്കിവിട്ടുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിരന്തരം അഭ്യർത്ഥിക്കുകയും ജനങ്ങൾക്ക് ശക്തമായ അവബോധം നൽകുന്നതിന് പൊലീസിനോടും മതമേലദ്ധ്യക്ഷന്മാരോടും ആരാധനാലയ ഭാരവാഹികളോടും നിരന്തരം താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. താൻ ജനങ്ങളെ ഇളക്കിവിട്ടെന്ന് പ്രചാരണം ജനങ്ങൾ തള്ളിക്കളയും. പൂന്തുറയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസിലാക്കി ഭക്ഷണക്കിറ്റ് വിതരണം ചെയ്യണം. ടെസ്റ്റുകൾ വർദ്ധിപ്പിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.