തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സി.സി ടിവി ദൃശ്യങ്ങൾ കസ്റ്റംസിന് ലഭിച്ചു. സ്വർണം കള്ളക്കടത്ത് നടത്തിയ ബാഗേജിന്റെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നതെന്നും ജൂലായ് ഒന്നു മുതൽ 5 വരെ കോംപ്ലക്സിൽ ഇതു സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിലുണ്ടെന്നും കോംപ്ലക്സ് മാനേജർ അറിയിച്ചു.
കാർഗോ കോംപ്ലക്സിന്റെ ചുമതലയുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസാണ് (കെ.എസ്.ഐ.ഇ) ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറിയത്. ജൂലായ് 9നാണ് കസ്റ്റംസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ശനിയാഴ്ചയാണ് കസ്റ്റംസ് അസി. കമ്മിഷണർ ദൃശ്യങ്ങളും കാമറാ ഹാർഡ് ഡിസ്‌കും ഏറ്റുവാങ്ങിയത്. 23 സി.സി ടിവി കാമറകൾ കാർഗോ കോംപ്ലക്സിലുണ്ട്. ഈ ദൃശ്യങ്ങൾ കസ്റ്റംസ് അസി. കമ്മിഷണറുടെ ഓഫീസിൽ തത്സമയം കാണാനും സൗകര്യമുണ്ട്. ഒന്നര വർഷത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി രണ്ടു തവണ കസ്റ്റംസിന് കാർഗോ കോംപ്ലക്സിലെ ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്.