പാറശാല: ബൈപ്പാസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്ലാമൂട്ടുക്കട - ഉദിയൻകുളങ്ങര റോഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള പാലത്തിനടിയിലെ വെള്ളക്കെട്ട് അപകടമുണ്ടാക്കുന്നു. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും തെന്നിവീണുള്ള അപകടങ്ങൾ പതിവായിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഓടകൾ അടഞ്ഞ നിലയിലാണ്.കീഴ്ക്കാം തൂക്കായ റോഡിന് ഇരുവശത്തുമായുള്ള ഓട അടച്ചതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. കഴിഞ്ഞ മഴക്കാലത്ത് നിരവധി ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെട്ടതിന് നാട്ടുകാർ സാക്ഷികളാണ്. നടപ്പാത നിർമ്മിക്കാത്തത് കാരണം ഇതുവഴിയുള്ള കാൽനടക്കാരുടെ യാത്രയും ഭീഷണിയിലാണ്. പാലത്തിനടിയിൽ ഇരുവശത്തായും ഓടയും കാൽനട യാത്രക്കാർക്കുള്ള നടപ്പാതയും ബൈപ്പാസിന്റെ കരാർ ഏറ്റെടുത്ത കമ്പനി നിർമ്മിക്കേണ്ടതാണ്.ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാതെ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന നിലവിലെ റോഡ്ഗതാഗതം സുഗമമാക്കുന്നതിനായി ബൈപ്പാസ് നിമ്മാണത്തിന്റെ ചുമതലക്കാരും ബന്ധപ്പെട്ട കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയും വേണ്ടത്ര നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: ഒാവർ ബ്രിഡ്ജ് കടന്നുപോകുന്ന പ്ലാമൂട്ടുക്കട - ഉദിയൻകുളങ്ങര റോഡ്