തിരുവനന്തപുരം: കൊവിഡ് രോഗം സ്ഥിരീകരിച്ച പൂന്തുറ സ്​റ്റേഷനിലെ ജൂനിയർ എസ്.ഐയെ പരിശോധനയ്‌ക്ക് ശേഷവും ഡ്യൂട്ടിക്ക് നിയോഗിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ഡി.സി.പി ഡോ. ദിവ്യ. വി. ഗോപിനാഥ് അറിയിച്ചു. എസ്.ഐക്ക് കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഏതെങ്കിലും കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. റാൻഡം ടെസ്​റ്റിംഗിന്റെ ഭാഗമായി എല്ലാ പൊലീസുകാരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം വന്നയുടൻ എസ്.ഐയെ ആശുപത്രിയിലാക്കി. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.