covid

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക് അടുക്കുന്നു.

ഇന്നലെ 488 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ശനിയാഴ്ച 416 പേർക്ക് രോഗം ബാധിച്ചിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 7436 ആയി. ഇന്നലെ 143 പേർ രോഗമുക്തരായി.മൊത്തം രോഗമുക്തർ 3965.

ഇന്നലെ 234 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുണ്ട്.

ഒരു മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം പുല്ലുവഴി സ്വദേശി പി.കെ.ബാലകൃഷ്ണൻനായരാണ് (79) മരിച്ചത്. മൊത്തം മരണം 29ആയി. തലസ്ഥാനത്ത് 69 പേർക്ക് രോഗംബാധിച്ചതിൽ 57പേരും സമ്പർക്ക രോഗികളാണ്. 11പേരുടെ ഉറവിടം വ്യക്തമല്ല. പുതിയ രോഗബാധിതർ ഏറെയും പൂന്തുറ മേഖലയിലാണ്. പുതുതായി 16 ഹോട്ട് സ്പോട്ടുകളുമുണ്ട്. മൊത്തം ഹോട്ട് സ്‌പോട്ടുകൾ 195.

'ഇനി നേരിടാനുള്ളത് സമൂഹവ്യാപനഘട്ടമാണ്. അതിനെ തടയാനുള്ള കൂട്ടായ പരിശ്രമം വേണം. തീപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.'

-മുഖ്യമന്ത്രി പിണറായി വിജയൻ