cm

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന അതീവഗുരുതര സ്ഥിതിവിശേഷം നിലനിൽക്കുമ്പോൾ മരണം വ്യാപിക്കണമെന്ന് ആരും ആഗ്രഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അരങ്ങേറുന്ന സമരങ്ങൾക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിർഭാഗ്യവശാൽ നമുക്ക് രോഗം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വന്നേക്കാം. അതൊഴിവാക്കാനാകുന്നതാണ് നല്ലത്. സുനാമി ഉണ്ടായപ്പോൾ പ്രതിപക്ഷത്തായിരുന്ന ഞങ്ങൾ ഒരു പ്രക്ഷോഭരംഗത്തായിരുന്നു. അപ്പോൾ തന്നെ ഞങ്ങളത് നിറുത്തിവച്ച് ദുരന്ത പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരിച്ചു. ഇതൊക്കെ മനുഷ്യസ്നേഹപരമായി ചിന്തിക്കുന്ന പ്രസ്ഥാനങ്ങൾ ഔചിത്യത്തോടെ കൈക്കൊള്ളേണ്ടതാണ്.

എന്നാൽ ഞങ്ങളെല്ലാം ലംഘിക്കും, കൊവിഡ് പ്രോട്ടോക്കോളൊന്നും ബാധകമല്ല എന്നു പ്രഖ്യാപിച്ച് ഒരു നേതൃനിരയാകെ വരികയാണ്. വരട്ടെ, എന്തു വരാനെന്നാണ് നിലപാട്. എന്താണ് അവരാഗ്രഹിക്കുന്ന നില? ഇവിടെയിപ്പോൾ സൂപ്പർ സ്‌പ്രെഡ് വരികയാണ്. അത്യന്തം ഉത്കണ്ഠാകുലമായ അവസ്ഥയാണ്. നാടൊന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ട സ്ഥിതിയാണ്. ഇതിനെക്കാൾ മോശം അവസ്ഥയിലായിരുന്ന രാഷ്ട്രങ്ങൾ തിരിച്ചുപിടിച്ചത് എല്ലാവരും ഒന്നിച്ചു നിന്നതിലൂടെയാണ്.

സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് സമരത്തിനിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്നത് ഒരു മാർഗമാണ്. എന്നാൽ അത് മാത്രമല്ലല്ലോ വഴി. ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ ജനങ്ങളെ കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയല്ലേ പ്രധാനം. ജനങ്ങളെ ആപത്തിലേക്ക് തള്ളിവിടുന്ന നില സ്വീകരിക്കാമോ? മറ്റ് കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് ചോദിക്കാമല്ലോ. ഇതൊരു പ്രത്യേക കാലഘട്ടമാണ്. അവിടെ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്.

സമരം ചെയ്യാനുള്ള ആരുടെയും അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ഓരോരുത്തർക്കും വിവിധ പ്രശ്നങ്ങളുന്നയിച്ച് സമരങ്ങൾ ചെയ്യേണ്ടിവരും. പക്ഷേ ഇവിടെ ഒരു മഹാമാരി നമ്മെ ആക്രമിക്കാൻ നിൽക്കുകയാണ്.

വികസിത രാഷ്ട്രങ്ങളിലെ

സ്ഥിതി കണ്ടതല്ലേ...

'നമ്മളേക്കാൾ വളരെയേറെ സൗകര്യമുള്ളതും മെച്ചപ്പെട്ട ആരോഗ്യരംഗമുള്ളതുമായ വികസിത രാഷ്ട്രങ്ങളിൽ രോഗവ്യാപനമുണ്ടായപ്പോൾ നാം കണ്ടതാണ്. സമൂഹവ്യാപനമുണ്ടായപ്പോൾ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രിക്കിടക്കകളില്ലാത്ത സ്ഥിതി. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് വെന്റിലേറ്റർ നൽകാൻ മറ്റൊരാളുടേത് മാറ്റി. ചിലേടങ്ങളിൽ അങ്ങനെ മാറ്റാൻ കർശനനിർദ്ദേശം തന്നെയുണ്ടായി.

അനേകം രോഗികളുണ്ടാകുമ്പോൾ ആശുപത്രികൾ രോഗകേന്ദ്രമാവുകയാണ്. ഡോക്ടർമാർക്ക് രോഗവും മരണവും സംഭവിക്കുന്നു. രോഗികളെ ചികിത്സിക്കാൻ മടിക്കുന്ന അവസ്ഥ ഇതിന്റെ ഭാഗമായൊക്കെ നാം കണ്ടതാണ്. രോഗികൾ കൂട്ടത്തോടെ മരിച്ചശേഷം ശരിയായി മറവുചെയ്യാൻ പോലും പറ്റിയോ? ശ്മശാനങ്ങളിൽ കൂട്ടത്തോടെ മറവ് ചെയ്യേണ്ടി വന്നത് നാം കണ്ടില്ലേ. മറ്റിടങ്ങളിൽ കണ്ടതിന്റെയൊക്കെ ചെറിയൊരു ഭാഗം ഇവിടെ വന്നാലെന്താകും സ്ഥിതിയെന്നാണ് നാം കാണേണ്ടതും ചിന്തിക്കേണ്ടതും. നമുക്ക് മാത്രമായി പ്രത്യേക കവചകുണ്ഡലങ്ങളൊന്നുമില്ല"- മുഖ്യമന്ത്രി പറഞ്ഞു.