കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴയ്ക്കാട് ആലമുക്ക് വള്ളിപ്പാറയിൽ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ വീടിന് ചുറ്റുമുള്ള 500 മീറ്റർ പ്രദേശം ഒരാഴ്ചത്തേക്ക് സെമി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ആലമുക്ക്, കുഴയ്ക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണ് ഈ പ്രദേശം. ഇന്ന് രാവിലെ ആറ് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. പ്രദേശത്തുള്ള കടകൾ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമേ തുറക്കാൻ അനുവദിക്കൂ. കൂട്ടംചേരുന്നതും വീടിന് പുറത്തിറങ്ങുന്നതും നിയന്ത്രിക്കും. വാട്ടർ പ്യൂരിഫെയർ കമ്പനിയിൽ ജോലിയുള്ള യുവാവിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇയാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജോലിയുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയിട്ടുണ്ട്. യുവാവ് പള്ളിയിലെ പ്രാർത്ഥനയിലും പങ്കെടുത്തിട്ടുണ്ട്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരുണ്ട്. ആലമുക്ക് വാർഡിലുള്ളവരുടെ സ്രവ പരിശോധന ആലമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിൽ ഉടൻ തുടങ്ങുമെന്നും വീരണകാവ് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ പറഞ്ഞു.