cm-

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നൽകുന്നതും കുറ്റകരമാണെന്ന് ബന്ധപ്പെട്ടവരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമ്പർക്കം മൂലമുള്ള കേസുകൾ കൂടുന്ന സാഹചര്യത്തിൽ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാൻ മാസ്‌ക്കുകൾ സഹായിക്കുന്നുണ്ട്.

വൈറസ് ബാധിതരിൽ സിംഹഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. ലക്ഷണങ്ങളില്ലാത്തവരിൽ ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നത് ചെറിയ അണുബാധകൾ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവായി കണക്കാക്കണം. ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം പരക്കാം. ആരോഗ്യമുള്ളവരിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ പടർന്നു പിടിക്കുന്ന അവസ്ഥയുണ്ടായാൽ രോഗബാധ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും.

# പൊലീസുകാർക്ക് രണ്ട് ഷിഫ്ട്

പലസ്ഥലത്തും പൊലീസുകാർ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നു. ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കാനും നിർദ്ദേശിച്ചു.

പൊലീസിലെ സ്റ്റേറ്റ് വെൽഫെയർ ഓഫീസറും എ.ഡി.ജി.പിയുമായ കെ. പത്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന ഡി.ജി.പിക്ക് നൽകണം. പൊലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങൾ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പൊലീസ് ഓഫീസർമാർ സന്ദർശിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.