തിരുവനന്തപുരം:ഓൺലൈനിലൂടെയും മറ്റ് മാനേജ്മെന്റ് സംവിധാനങ്ങളിലൂടെയും സംയോജിത പഠനാന്തരീക്ഷത്തിന്റെ കേരള മാതൃക വികസിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈസ് ചാൻസലർമാരുടെ ദ്വിദിന ഓൺലൈൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക് ലഭിക്കുന്നതിന് വേണ്ടി വിവരസാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന് വിദഗ്ദ്ധർ ചിന്തിക്കുന്ന സമയമാണിത്. വിദൂര വിദ്യാഭ്യാസ പഠനങ്ങൾ ഒരു പ്രത്യേക വിഷയത്തെ അധികരിച്ചാവണം. ഇതിലൂടെയേ നമുക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരള മാതൃക വികസിപ്പിക്കാനാകൂ. പഠിതാക്കളുടെ ആവശ്യം അനുസരിച്ച് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനരീതികൾ ആവിഷ്‌കരിക്കണമെന്നും ഗവർണർ പറഞ്ഞു.