തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ പൊന്നാനി താലൂക്കിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ നിർബന്ധമായും റേഷൻ കാർഡ് കൈവശം കരുതണം.
ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.