vazhayila-road

മലയോര ഹൈവേ കഴിഞ്ഞാൽ ഏറ്റവും വലിയ തുക വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡായ വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 59. 22 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

നെടുമങ്ങാട് : വഴയില - പഴകുറ്റി നാലുവരിപ്പാതയ്ക്ക് അനുബന്ധമായി സത്രംമുക്ക് - കച്ചേരിനട - ചന്തമുക്ക് - ആശുപത്രി ജംഗ്‌ഷൻ റോഡ് (രാജവീഥി) വിപുലീകരണം ഇഴയുന്നു. അശാസ്ത്രീയമായി സ്ഥാപിച്ച കല്ലുകളുടെ സ്ഥാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ് വ്യാപാരികൾ. 22 മീറ്റർ വീതി നിശ്ചയിച്ച് ആരംഭിച്ച അളവെടുപ്പും കല്ലിടലും കരാറുകാരുടെ തന്നിഷ്ടം പോലെ തീർപ്പാക്കിയെന്നാണ് വ്യാപാരികളുടെ പരാതി. ഇരുവശങ്ങളിൽ നിന്ന് സ്ഥലമെടുക്കുമെന്ന ഉറപ്പ് പാലിക്കാതെ ഒരു വശത്തുള്ളവരെ മാത്രം കുടിയൊഴിപ്പിക്കുന്ന വിധത്തിലായിരുന്നു കല്ലിടൽ. സ്ഥലം ഏറ്റെടുക്കുമെന്ന് കരുതി കടകൾ പൊളിച്ചുനീക്കി പിറകിലേക്ക് മാറി പുതിയ കെട്ടിടങ്ങളുടെ പണി ആരംഭിച്ചവർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. നിലവിലുള്ള റോഡിന്റെ വളവുകൾ നിവർത്തുന്നതിന്റെ ഭാഗമാണ് ഒരു സൈഡിൽ നിന്ന് മാത്രം സ്ഥലമെടുക്കാനുള്ള തീരുമാനമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഒട്ടനവധി കുടുംബങ്ങളുടെ വയറ്റത്തടിക്കുന്നതാണ് ഈ മാറ്റം. റോഡുസൈഡിലെ വീടുകൾക്കും പുതിയ തീരുമാനം ഭീഷണി ഉയർത്തിയിട്ടുണ്ട്. കല്ലിടൽ പൂർത്തിയായെങ്കിലും പ്രതിഷേധം ഭയന്ന് തുടർ നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ജനുവരി 29ന് മന്ത്രി ജി. സുധാകരനാണ് കരകുളം ഏണിക്കരയിൽ പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചത്.

മലയോര ഹൈവേക്ക് തുല്യം

2016 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വഴയില - പഴകുറ്റി നാലുവരിപ്പാതയ്ക്ക് 50 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കിഫ്‌ബി പദ്ധതിയായി മാറി. ഗതാഗത യോഗ്യത, മണ്ണ് പരിശോധന തുടങ്ങി വിശദമായ ഇൻവെസ്റ്റിഗേഷനു ശേഷം നിലവിലെ ട്രാഫിക് അടിസ്ഥാനപ്പെടുത്തി

 റോഡിന്റെ വീതി - 220മീറ്റർ

 പദ്ധതി ചെലവ് - 340 കോടി

 ഭൂമി വില - 59. 22 കോടി

 സ്ഥലമെടുപ്പിന് - 87.82 കോടി

മുഖ്യമന്ത്രിയുടെ സമ്മാനം

പ്രഖ്യാപിച്ച്, മൂന്ന് വർഷത്തെിനൊടുവിലാണ് പദ്ധതി ആരംഭിച്ചത്. ഇതിനിടെ, എൻ.എച്ച് അതോറിട്ടി റോഡ് ഏറ്റെടുക്കുന്നതായി വെളിപ്പെടുത്തിയതോടെ, പദ്ധതി കിഫ്ബി മരവിപ്പിച്ചു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ഉന്നതതല യോഗം വിളിച്ച് എൻ.എച്ച് നിർമ്മാണത്തിന്റെ പൂർണ റിപ്പോർട്ട് ഹാജരാക്കാൻ പി.ഡബ്ല്യുയു.ഡി സെക്രട്ടറിയോട് നിർദേശിച്ചു. നാഷണൽ ഹൈവേ പദ്ധതി ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് എൻ.എച്ച് അതോറിട്ടി വ്യക്തമാക്കിയതിനു ശേഷമാണു നാലുവരിപ്പാത വീണ്ടും കിഫ്ബിയുടെ പരിഗണനയിൽ വന്നത്.

കേരളകൗമുദിയുടെ പങ്ക്

ഇപ്പോഴത്തെ അലൈൻമെന്റ് പ്രയോജനപ്പെടുത്തി, ഇരുവശത്തേയും വീടുകൾക്ക് ദോഷം വരാത്ത രീതിയിൽ റോഡ് നിർമ്മിക്കണമെന്ന തീരവാസികളുടെ ആവശ്യം അംഗീകരിപ്പിക്കുന്നതിലും നാലുവരിപ്പാതയുടെ ആവശ്യകത അധികാരികളെ അറിയിക്കുന്നതിലും കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകൾ നിർണായകമായിരുന്നു. നാലുവരിപ്പാതയുടെ പ്രസക്തി സംബന്ധിച്ച് റവന്യൂടവറിൽ ജനകീയ സംവാദത്തിന് വേദി ഒരുക്കിയും കേരളകൗമുദി മാതൃകയായി.

പ്രതികരണം
------------------
''ഒരുവശത്തെ കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് അധികൃതരുടേത്. അശാസ്ത്രീയമായി അളന്നിട്ട കല്ലുകളുടെ സ്ഥാനങ്ങൾ ഉടൻ പുനഃപരിശോധിക്കണം. ന്യായമായ റോഡു വികസനത്തിന് വ്യാപാരി സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകും"

--മുജീബ് സോണി, അനിൽ കരിപ്പൂരാൻ (ആക്ഷൻ കൗൺസിൽ)