തഴവ: വീടിനുള്ളിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ മൂന്ന് പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ഓച്ചിറ വലിയകുളങ്ങര അജാസ് മൻസിൽ അൻസാരിയുടെ മകൻ അജാസ് (20) ഓച്ചിറ വയനകം കോട്ടയിൽ വീട്ടിൽ താമരാക്ഷന്റെ മകൻ വൈശാഖ് (26) ഓച്ചിറ മഠത്തിൽകാരാഴ്‌മ കൃഷ്ണവിലാസത്തിൽ അശോകന്റെ മകൻ അതുൽ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കുലശേഖരപുരം കടത്തൂർ കുന്നേൽ വടക്കതിൽ സലീമിന്റെ മകൻ ഹുസൈനെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ആക്രമിച്ചത്. ഹുസൈന്റെ കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ ശേഷം ബൈക്കിലും കാറിലുമായി പ്രതികൾ രക്ഷപെടുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി ബി.ഗോപകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, അലോഷ്യസ്, ശ്യാംലാൽ, ജൂനിയർ എസ്.ഐ ഷിഹാസ്, എ .എസ്.ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.