കൊല്ലം: വഴിയോര കച്ചവടക്കാരനിൽ നിന്ന് യാത്രക്കാരൻ സാധനം വാങ്ങുന്നതിനിടെ അയാളുടെ സ്കൂട്ടർ മോഷ്ടിച്ച് കടത്തിയയാളെ മണിക്കൂറുകൾക്കുള്ളിൽ വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച വൈകിട്ട് 6.30ഓടെ രാമൻകുളങ്ങര മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ യാത്രക്കാരൻ വഴിയരികിൽ വാഹനം നിറുത്തി സാധനം വാങ്ങാനായി ഇറങ്ങി. അടുത്തുതന്നെയായതിനാൽ ഇയാൾ വാഹനത്തിൽ നിന്ന് താക്കോൽ എടുത്തിരുന്നില്ല. ഈസമയം സ്ഥലത്തുണ്ടായിരുന്ന പ്രതി തന്ത്രപരമായി താക്കോൽ കൈക്കലാക്കി.
തിരികെയെത്തിയ ഉടമ താക്കോൽ അന്വേഷിക്കുകയും കാര്യം കച്ചവടക്കാരനോട് പറയുകയും ചെയ്തു. തുടർന്ന് സ്കൂട്ടറിന്റെ ഉടമ അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് നീങ്ങി. ഈ സമയം താക്കോൽ കൈക്കലാക്കിയിരുന്ന പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു.
വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെ റെസ്റ്റോറന്റിലെ നിരീക്ഷണ കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റ് അനവധി മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.