തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ലോക്ക് ഡൗൺ ഒരാഴ്ചകൂടി ദീർഘിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശങ്ങൾ പുറത്തിറക്കി. അവശ്യ സർവീസുകൾ തടസങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കാൻ സൗകര്യമൊരുക്കും. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകൾ എന്നിവ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കണം. ആരോഗ്യവകുപ്പിന് അധികം ജീവനക്കാരെ ആവശ്യമാണെങ്കിൽ വകുപ്പ് സെക്രട്ടറിക്ക് നടപടിയെടുക്കാം. ഗവ. പ്രസുകൾ സമയബന്ധിതമായി ജോലികൾ നിർവഹിക്കേണ്ടതിനാൽ അവയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനുള്ള ജീവനക്കാരെ ഉറപ്പാക്കാൻ പ്രിന്റിംഗ് ഡയറക്ടർക്ക് നടപടിയെടുക്കാം. മറ്റു വകുപ്പുകളിൽ ആവശ്യമായ ജീവനക്കാരെ എത്തിക്കാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് ക്രമീകരണങ്ങൾ നടത്താം. മറ്റ് ഓഫീസുകളിൽ വകുപ്പ് മേധാവികൾക്ക് അത്യാവശ്യ സേവനങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ ഉപയോഗിക്കാം. ഓഫീസിൽ ഹാജരാക്കേണ്ടതില്ലാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യണം.