gold

തിരുവനന്തപുരം: അതിർത്തികളിൽ കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഉന്നതരുടെ ഒത്താശയോടെ കേരളം വിട്ട സ‌്വപ്നയെയും സന്ദീപിനെയും എൻ.ഐ.എ കുടുക്കിയത് കേസ് ഏറ്റെടുത്ത് ഇരുപത്തിനാലു മണിക്കൂറിനകം! അപ്പോൾ,​ പ്രതികളെ കണ്ടെത്താൻ കൊച്ചി കമ്മിഷണർ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ച് അല്പസമയമേ ആയിരുന്നുള്ളൂ.

രഹസ്യ യാത്ര

ട്രിപ്പിൾ ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ തലസ്ഥാന നഗരത്തിൽ നിന്ന് ഉന്നതരുടെ സഹായത്തോടെ തിങ്കളാഴ്ച പുലർച്ചെ പുറത്തുകടന്ന സ്വപ്നയും സന്ദീപും രണ്ടു വഴിക്ക് പിരിഞ്ഞായിരുന്നു യാത്ര. സ്വപ്ന നാഗർകോവിലിൽ സ്വർണക്കടത്തുമായി ബന്ധമുള്ളയാളുടെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ വാങ്ങി കൊച്ചിയിലെത്തി. സന്ദീപും അവിടെയെത്തി. അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ടു നൽകിയശേഷം ഇരുവരും നഗരത്തിനു പുറത്ത് ഒരുവീട്ടിൽ തങ്ങി. അവിടെവച്ചാണ് താൻ നിരപരാധിയാണെന്ന ശബ്ദരേഖ റെക്കാർഡ് ചെയ്തത്. ഇതിൽ ഒരു പെൺകുട്ടിയുടെ ശബ്‌ദം കൂടി വന്നതോടെ സ്വപ്ന കുടുംബത്തോടൊപ്പമാണെന്ന് ഉറപ്പായി.

കേസ് ഏറ്റെടുത്തതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും എൻ.ഐ.എ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. കേസിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും സ്വർണം എത്തിച്ചത് തീവ്രവാദത്തിന് സാമ്പത്തികസഹായം നൽകാനാണെന്നും ചൂണ്ടിക്കാട്ടി യു.എ.പി.എ (നിയമവിരുദ്ധപ്രവ‌ത്തനം തടയൽ നിയമം )​ ചുമത്തിയതോടെ പ്രതികൾ കൊച്ചിയിൽ നിന്ന് മുങ്ങി.

വയനാട് വഴി കർണാടകത്തിലേക്ക് രാത്രിയാത്രാ നിരോധനമുണ്ട്. കൊവിഡ് ഭയന്ന് കാസർകോട് അതിർത്തിയിലും മറ്റെല്ലാ അതിർത്തികളിലും പകലും പൊലീസ് പരിശോധനയുണ്ട്. ലോക്ക്ഡൗണിന്റെ രാത്രി കർഫ്യൂ പുറമെ. സ്വപ്നയെയും സന്ദീപിനെയും പകൽ അതിർത്തി കടത്താൻ പൊലീസ് കണ്ണടച്ചതായി എൻ.ഐ.എ സംശയിക്കുന്നുണ്ട്.

ഫോൺ ചോർത്താനും വിവരങ്ങൾ ശേഖരിക്കാനും കസ്റ്റംസിനും പൊലീസിനുമുള്ള നിയന്ത്രണങ്ങൾ എൻ.ഐ.എയ്ക്ക് ഇല്ല. സമൂഹ മാദ്ധ്യമങ്ങളിൽ ഒരു വാക്കോ ശബ്ദമോ ഉപയോഗിച്ച് തിരയാനുള്ള സോഷ്യൽ മീഡിയ പട്രോളിംഗ് സംവിധാനവുമുണ്ട്. സ്വപ്നയുടെയും കുടുംബത്തിന്റെയും അവർ ബന്ധപ്പെടാനിടയുള്ള രണ്ടു ഡസൻ ആളുകളുടെയും ഫോൺ എൻ.ഐ.എ അതിനകം നിരീക്ഷണത്തിലാക്കിയിരുന്നു. ഒടുവിൽ ബംഗളൂരുവിൽ സ്വപ്നയും സന്ദീപും മെബൈൽ കാളിന്റെ കുരുക്കിലായി പിടിക്കപ്പെടുകയും ചെയ്തു.

ഉടനെങ്ങും

പുറത്തെത്തില്ല

യു.എ.പി.എ ചുമത്തിയതിനാൽ പ്രതികൾക്ക് ജാമ്യം കിട്ടില്ല. 180 ദിവസം വരെ റിമാന്റിൽ വയ്ക്കാം. അതിനകം കുറ്റപത്രം നൽകിയാൽ സ്വാഭാവിക ജാമ്യത്തിന് വഴിയടയും. സാധാരണ ക്രിമിനൽ കേസുകളിൽ ആദ്യ റിമാൻഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണ് പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുക്കുക. യു.എ.പി.എ കേസുകളിൽ പ്രതികളെ എപ്പോൾ വേണമെങ്കിലും കസ്റ്റഡിയിൽ വാങ്ങാം.

കുരുക്ക് മുറുക്കാൻ

കോഫെപോസയും

പ്രതികൾക്കെതിരെ വിദേശനാണ്യ ചട്ടലംഘനവും കള്ളക്കടത്തും തടയാനുള്ള കോഫെപോസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്‌മഗ്‌ളിംഗ് ആക്ടിവിറ്റീസ് ആക്ട്) വകുപ്പുകളുംചുമത്തും. അങ്ങനെയായാൽ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യാം. ഒരുകോടി രൂപയ്‌ക്ക് മേലുള്ള കള്ളക്കടത്തിനാണ് കോഫെപോസ ചുമത്തുന്നത്. കേന്ദ്രധനമന്ത്രാലയത്തിന്റെ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് കോഫെപോസ വിജ്ഞാപനം ഇറക്കേണ്ടത്.