b
അഞ്ചുതെങ്ങ് കോട്ട

കടയ്ക്കാവൂർ: സാമ്രാജിത്വത്തിനെതിരായ പോരാട്ടത്തിന്റെ എരിയുന്ന കനലാണ് അഞ്ചുതെങ്ങ് കോട്ട. മൂന്ന് നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രത്തിന്റെ ശേഷിപ്പായ കോട്ട ഇന്നും തലഉയർത്തി നിൽക്കുകയാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ആദ്യ സായുധസമരമായ 1721ലെ ആറ്റിങ്ങൽ കലാപത്തിന് സാക്ഷ്യംവഹിച്ച ഇടമാണ് അഞ്ചുതെങ്ങ്. തെങ്ങുകളുടെ നാട്ടിൽ കോട്ടയ്ക്ക് അങ്ങനെയൊരു ചരിത്ര പ്രാധാന്യമുണ്ട്.

തിരുവനന്തപുരത്തുനിന്ന് തീരദേശപാതയിലൂടെ 30 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ട കാണാം. റോഡിനും കടലിനും ഇടയിലാണ് ഈ ചരിത്ര സ്മാരകം. ഗോപുരം കടന്നാൽ മതിൽക്കെട്ടിനുള്ളിൽ മൈതാനം, പുൽത്തകിടി, ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങൾ എന്നിവ ഇന്നും നിലനിൽക്കുന്നു. തലസ്ഥാനത്തെത്തുന്ന സ‌ഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നും ഇതു തന്നെ. ഇതിൽ തദ്ദേശീയരും വിദേശികളുമൊക്കെ ഉൾപ്പെടും. എന്നാൽ ടൂറിസം ഡിപ്പാർട്ടുമെന്റ് ഈ ചരിത്ര സ്മാരകത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ.

മറക്കാൻ കഴിയാത്ത ചരിത്രം

മലഞ്ചരക്ക് കച്ചവടത്തിനായി തിരുവിതാംകൂറിലെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് കടലോര പ്രദേശമായ അഞ്ചുതെങ്ങിൽ 281ഏക്കർ സ്ഥലം പതിച്ചുവാങ്ങിയാണ് കോട്ട നിർമ്മിച്ചത്. കമ്പനിയുടെ സൈനിക കേന്ദ്രം കൂടിയായിരുന്നു ഇത്. ഇംഗ്ളണ്ടിൽ നിന്നു വരുന്ന കപ്പലുകൾക്ക് സിഗ്നൽ സ്റ്റേഷനായും കോട്ട പ്രവർത്തിച്ചിരുന്നു. ഇതിനായി സമീപത്ത് ലൈറ്റ് ഹൗസും സ്ഥാപിച്ചു. വേലുത്തമ്പി ദളവയും മെക്കാളെ പ്രഭുവും തമ്മിൽ 1805ൽ സന്ധിക്കരാർ ഉണ്ടാക്കിയത് ഇവിടെയായിരുന്നുവെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്.

 സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ തീപ്പൊരി

കച്ചവടം അധിനിവേശത്തിലേക്ക് മാറിയപ്പോൾ ജനങ്ങളും കമ്പനിയും തമ്മിലുള്ള ബന്ധം ഉലഞ്ഞു. 1697ൽ റാണിയും കമ്പനിയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് തിരുവിതാംകൂറിൽ കുരുമുളകിന്റെ കച്ചവടം കമ്പനിയുടെ കുത്തകയായി. ഇതിൽ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളിലുള്ള ജനങ്ങളുടെ സഹകരണത്തോടെ നാട്ടുകാർ കോട്ട ആക്രമിച്ചു. എന്നാൽ ബ്രിട്ടീഷുകാർ സമരം അടിച്ചമർത്തുകയായിരുന്നു. 1721ൽ കോട്ടയുടെ അധിപൻ മേജർ ഗീഫോർഡിൻെറ നേതൃത്വത്തിൽ 150 ഓളം ബ്രിട്ടീഷ് പട്ടാളക്കാർ റാണിക്ക് സമ്മാനങ്ങളുമായി കോട്ടയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്ന വിവരം നാട്ടുകാർ അറിഞ്ഞു. ഇവർ കടയ്ക്കാവൂർ ഏലാപ്പുറത്തുവച്ച് പട്ടാളത്തെ ആക്രമിച്ചു. മേജർ ഗീഫോർഡ് ഉൾപ്പെടെ 140 പട്ടാളക്കാർ യുദ്ധത്തിൽ മരിച്ചു. മൃതദേഹങ്ങൾ വാമനപുരം നദിയിലേക്ക് നാട്ടുകാർ വലിച്ചെറിഞ്ഞെന്നാണ് ചരിത്രം. ഈ സമരമാണ് ആറ്റിങ്ങൽ കലാപം എന്ന് അറിയപ്പെടുന്നത്.

കോട്ടയുടെ നാൾ വഴികൾ

1684 - ആറ്റിങ്ങൽ റാണിയിൽ നിന്ന് ബ്രിട്ടീഷുകാർ സ്ഥലം പതിച്ചുവാങ്ങി

1695 - റാണിയുടെ അനുമതിയോടെ അ‌ഞ്ചുതെങ്ങിൽ കോട്ട നിർമ്മിച്ചു

1697- കച്ചവടം കൈയടക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ കോട്ട ആക്രമിച്ചു

1721 ​- കൊട്ടാരത്തിലേക്ക് പോയ സൈന്യത്തെ നാട്ടുകാർ ആക്രമിച്ചു

​1805 - വേലുത്തമ്പി ദളവയും മെക്കാളെ പ്രഭുവും സന്ധിക്കരാർ ഉണ്ടാക്കി