തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ കാരണം വലഞ്ഞ പൂന്തുറ നിവാസികൾ കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകരോട് കാട്ടിയ അതിക്രമത്തിന് പരസ്യമായി മാപ്പ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേറ്റു. മാപ്പ്,ആരോഗ്യ പ്രവർത്തകർക്കുണ്ടായ മനോവിഷമത്തിലും ബുദ്ധിമുട്ടിലും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. നാട്ടുകാർക്കൊപ്പം നിന്ന് പൂന്തുറ സെന്റ് തോമസ് പള്ളി വികാരി ബെബിസൺ പറഞ്ഞു.
വികാരിയുടെയും വാർഡ് കൗൺസിലർ പീറ്റർ സോളമന്റെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു പൂന്തുറക്കാർ ക്ഷമ ചോദിച്ചത്. ഇന്നലെ രാവിലെ കൊവിഡ് സെന്ററിൽ ഡ്യൂട്ടിക്കെത്തിയ ആരോഗ്യപ്രവർത്തകരെയാണ് പുഷ്പവൃഷ്ടി നടത്തിയും പൂച്ചെണ്ട് സമ്മാനിച്ചും വരവേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് പൂന്തുറ നിവാസികൾ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നൂറോളം പേർ തെരുവിലിറങ്ങി. രോഗികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണെന്നും അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. പ്രകോപിതരായ ചിലർ ആരോഗ്യപ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കാറിന്റെ ചില്ല് നിർബന്ധിച്ച് താഴ്ത്തിച്ച് കാറിനുള്ളിലേക്ക് ചുമച്ചു. തുടർന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നു. കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന വിമർശനം ഉയരുകയും
സംഭവം ദേശീയതലത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
'' ഇവിടെ ചികിത്സയ്ക്ക് നല്ല സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ ദിവസത്തെ സംഭവം അപ്രതീക്ഷതമായിരുന്നു. ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. ഞാനടങ്ങുന്ന എല്ലാ പൂന്തുറക്കാരും ക്ഷമ ചോദിക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് എല്ലാ സഹായവും നൽകും. അവരെ ഒപ്പം നിർത്തും.
-ഫാ.ബെബിൻസൺ
ഇടവക വികാരി