തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിൽ ആളൊഴിഞ്ഞ് തലസ്ഥാന നഗരം. രാവിലെ 11 വരെ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ചുരുക്കം കടകൾ മാത്രമാണ് തുറന്നത്. തുറന്ന കടകൾക്ക് മുന്നിൽ രാവിലെ തന്നെ ആളുകളെത്തിയിരുന്നു. പൊലീസെത്തിയാണ് പലസ്ഥലത്തും തിരക്ക് നിയന്ത്രിച്ചത്. മെഡിക്കൽ സ്റ്റോറുകൾ പലതും അടഞ്ഞുകിടന്നു. ചുരുക്കം സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊലീസ് നഗരത്തിൽ തുടരുന്ന പരിശോധനയ്ക്ക് ഇന്നലെയും ഇളവുകളുണ്ടായില്ല. നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ പൊലീസിന്റെ കർശന പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ കടത്തിവിട്ടത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ പിഴയടക്കുമുള്ള നടപടി സ്വീകരിച്ചു. മതിയായ കാരണങ്ങളില്ലാതെ വാഹനവുമായി പുറത്തിറങ്ങിയവരെ പൊലീസ് തിരിച്ചയച്ചു. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ബസ് സർവീസുകൾ നഗരാതിർത്തികൾക്ക് മൂന്ന് കിലോമീറ്റർ അകലെ സർവീസ് അവസാനിപ്പിച്ചു.
നിശ്ചലമായി മത്സ്യവിപണി
കൊവിഡ് വ്യാപനത്തെതുടർന്ന് ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചതോടെ മത്സ്യവിപണിയും നിശ്ചലമായി. ചെറിയ ഫൈബർ വള്ളങ്ങളിൽ കടലിൽ പോകാൻ സർക്കാർ അനുമതി നൽകിയെങ്കിലും കൊവിഡ് വ്യാപനം ഭയന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. മത്സ്യം പിടിച്ചാൽ തന്നെ ചന്തകളിലെത്തിക്കാനും വില്പന നടത്താനും ആളുകളില്ല. മീൻ വാങ്ങാൻ എത്ര പേർ തയ്യാറാകുമെന്ന സംശയവുമുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ലഭ്യമാകുന്ന മത്സ്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നതാണ്. ഫോർമാലിൻ കലർന്നതും ദിവസങ്ങളോളം പഴക്കമുള്ളതുമായ മീനാണ് അതിർത്തി കടന്നെത്തുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് മായം കലർന്ന മീൻ പിടിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ സാഗർ റാണി' ഇപ്പോൾ നിർജീവമാണെന്നും ആരോപണമുണ്ട്.