shivashankar

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ സരിത്തിനു പിന്നാലെ സ്വപ്ന സുരേഷും, സന്ദീപ് നായരും അറസ്റ്റിലായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എൻ.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യും.

അതിനുമുമ്പ് ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തേക്കും. സിവിൽസർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാവും നടപടി. നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി ചീഫ്സെക്രട്ടറി വഴിയേ ബന്ധപ്പെടാവൂ. ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധം പാടില്ല. ശിവശങ്കർ ഇതെല്ലാം ലംഘിച്ചെന്നാണ് വിലയിരുത്തൽ.

സെക്രട്ടേറിയറ്റിനു സമീപത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിന്റെ ഒരു താക്കോൽ സ്വപ്നയുടെ കൈവശമായിരുന്നു.

സ്വർണക്കടത്തിന്റെ ഗൂഢാലോചന ഇവിടെ നടന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കർ ഇല്ലാത്തപ്പോൾ ഫ്ലാറ്റിൽ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സരിത്ത് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ശനിയാഴ്ച ഇവിടെ റെയ്ഡ് നടത്തിയത്. ഇവർ പലവട്ടം എത്തിയതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കാർഗോ സ്വർണം ഇവിടെ സൂക്ഷിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. സന്ദർശക രജിസ്റ്ററും വാഹന രജിസ്റ്ററും പിടിച്ചെടുത്തിട്ടുണ്ട്.

ശിവശങ്കറിനെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കസ്​റ്റംസ് വ്യക്തമാക്കി. ശിവശങ്കറിന്റെ സ്വാധീനം പ്രതികൾ പ്രയോജനപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വരുത്തിയപ്പോൾ ഉടൻ വിട്ടയയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥന്

എസ്.എം.എസ് അയച്ചത് ശിവശങ്കറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസൊതുക്കാനുള്ള ശിവശങ്കറിന്റെ ഇടപെടൽ എൻ.ഐ.എ അന്വേഷിക്കും. വിവാഹസത്കാര ചടങ്ങിൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നതടക്കമുള്ള ഉറ്റബന്ധുവിന്റെ പരാതി ഒതുക്കിയതിലും ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കും.സ്വപ്നയുടെ കുടംബചടങ്ങുകളിൽ ശിവശങ്കർ സജീവസാന്നിദ്ധ്യമായിരുന്നു.

വീടിന് പൊലീസ് സുരക്ഷ

ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം യുവമോർച്ച പ്രതിഷേധിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പൂജപ്പു

രയിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിവാദത്തെ തുടർന്ന് ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ച ശിവശങ്കർ വീട്ടിലുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.