തിരുവനന്തപുരം:വടക്കൻ കേരളത്തിലേക്കും മംഗലാപുരം അടക്കം മറ്റു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കും സ്വർണം കടത്താൻ സ്വപ്നയ്ക്കും സംഘത്തിനും ഉന്നതരുടെ സഹായം പതിവായി ലഭിച്ചിരുന്നുവെന്ന് മൊഴികൾ.
പൊലീസ് ആസ്ഥാനത്ത് സ്വപ്നയ്ക്കൊപ്പം പലവട്ടം പോയിട്ടുണ്ടെന്നാണ് സരിത്തിന്റെ മൊഴി.
പ്രതികളുടെ ഫോൺ കോൾ രേഖകളിൽ നിന്ന് ഏതൊക്കെ ഉന്നതരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തും. സ്വർണക്കടത്തിൽ പങ്കാളികളാണോ എന്നതും അന്വേഷിക്കും.
സ്വർണക്കടത്തിന്റെ ലക്ഷ്യം തീവ്രവാദപ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം മലബാറിലേക്കും മംഗലാപുരത്തേക്കും വ്യാപിപ്പിക്കും. അന്വേഷണ വിവരങ്ങൾ കേന്ദ്രസർക്കാർ വിലയിരുത്തുന്നുണ്ട്.
കോൺസലേറ്റിലെ ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്തരത്തിൽ സ്വർണക്കടത്ത് സാധ്യമല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. കോൺസലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ എൻ.ഐ.എ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശുപാർശക്കാരുടെ
മൊഴിയെടുക്കും
ബാഗേജ് വിട്ടുകൊടുക്കാൻ കസ്റ്റംസിനോട് ശുപാർശ ചെയ്തവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എൻ.ഐ.എ വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കസ്റ്റംസ് ക്ലിയറിംഗ് ഏജന്റുമാരും രണ്ട് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളും ഡൽഹിയിലെയും മുംബയിലെയും കസ്റ്റംസ് ഉദ്യോഗസ്ഥരും ശുപാർശ ചെയ്തെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. മിക്കവരും വിവരം തിരക്കി വിളിച്ചതാണ്. നയതന്ത്ര കാർഗോ വിട്ടുനൽകുന്നില്ലെന്ന് പ്രതികൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ്
ഇവരുടെ മൊഴികൾ ശേഖരിക്കുന്നത്. ഫോൺരേഖകൾ പരിശോധിക്കുകയും ചെയ്യും. കൂടുതൽ ബന്ധമില്ലെങ്കിൽ നടപടികൾ ഉണ്ടാവില്ലെന്ന് എൻ.ഐ.എ വ്യക്തമാക്കി. ശുപാർശക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.