കിളിമാനൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് ഉദ്ഘാ
നം ചെയ്യുന്ന പുതിയ കെട്ടിടം
കിളിമാനൂർ: ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും ഏറ്റവും അധികം വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് നേടിക്കൊടുക്കുകയും ചെയ്തുവരുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നായ കിളിമാനൂർ ഗവ ഹയർസെക്കൻഡറി സ്കൂളിന് പണിത മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും.ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.കിളിമാനൂരിന് തിലകക്കുറിയായ ഈ പൊതുവിദ്യാലയം എസ് .എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ സമാനതകളില്ലാത്ത വിജയമാണ് നേടിവരുന്നത്.എസ് .എസ്. എൽ .സി പരീക്ഷയിൽ 507 കുട്ടികളെ പരീക്ഷക്കിരുത്തുകയും 496 പേർ വിജയികളാവുകയും 82 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുകയും ചെയ്തു. 98ശതമാനമാണ് വിജയം. 2018 മാർച്ചിൽ നടന്ന എസ് .എസ് .എൽ .സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും അധികം ഫുൾ എ പ്ലസ് വാങ്ങി മികവ് പുലർത്തിയ വിദ്യാലയത്തിന്റെ സ്ഥല പരിമിതി മറികടക്കാനാണ് ജില്ലാപഞ്ചായത്ത് പുതിയ മന്ദിരത്തിന് തുക അനുവദിച്ചത്. സ്കൂളിന്റെ മികവിന് ജില്ലാപഞ്ചായത്ത് സമ്മാനമായി നല്കിയ മന്ദിരത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണുള്ളത്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആർട്ട് ആൻഡ് കൾച്ചറൽ റൂം എന്നിവയാണ് നിർമ്മിച്ചത്.മൂന്ന് ഘട്ടമായി ജില്ലാപഞ്ചായത്തിൽ നിന്ന് 7422141 രൂപയാണ് അനുവദിച്ചത്. സർക്കാർ ആറ്റിങ്ങൽ മണ്ഡലത്തിൽ മികവിന്റെ കേന്ദ്രമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തതിനെ തുടർന്ന് കിഫ്ബി ഫണ്ട് വിനിയോഗിച്ച് മൂന്നുകോടി രൂപ ചെലവിൽ 15 മുറികൾ ഉൾപ്പെട്ട ഹൈടെക് ബഹുനില മന്ദിരത്തിന്റെയും ജോലികൾ പുരോഗമിച്ചു വരികയാണ്.പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ചിത്ത്, ജില്ലാ ഡിവിഷൻ മെമ്പർ ഡി.സ്മിത, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ എന്നിവർ പങ്കെടുക്കും.