തിരുവനന്തപുരം: പൂന്തുറ സെന്റ് തോമസ് സ്‌കൂളിൽ കൊവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. 92 കിടക്കകളാണിപ്പോഴുള്ളത്. 150 കിടക്കകളായി കൂട്ടുമെന്ന് നഗരസഭ ഹെൽത്ത് ഓഫീസർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ മറ്റിടങ്ങളിലേക്ക് മാറ്രുന്നതിന് പകരം ഇവിടെ തന്നെ ചികിത്സ നൽകുന്നതിനാണീ സംവിധാനം. ഇന്നലെ മുതൽ രോഗം സ്ഥിരീകിരിച്ചവർക്ക് ഇവിടെ ചികിത്സ നൽകി തുടങ്ങി. സ്കൂളിന്റെ ഒറ്റ ബ്ലോക്കിലാണ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റൊരു ചികിത്സാകേന്ദ്രവും തയ്യാറാക്കുന്നുണ്ട്. രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതോടെ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. പരിശോധനകൾ പൂർണ തോതിലാക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രണ്ട് മൊബൈൽ മെഡിസിൻ ഡിസ്‌പെൻസറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമും ഹെൽപ്പ്‌ഡെസ്‌ക്കും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

ശംഖുംമുഖം അസി. കമ്മിഷണറും ക്വാറന്റൈനിൽ

പൂന്തുറയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന 40 പൊലീസുകാരും ശംഖുംമുഖം അസി. കമ്മിഷണറും അടക്കം നിരീക്ഷണത്തിൽ പോയതോടെ പുതിയ സംഘത്തിനാണിപ്പോൾ ക്രമസമാധാനത്തിന്റെ ചുമതല. പൂന്തുറയിലെ ജൂനിയർ എസ്.ഐക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസുകാർ നിരീക്ഷണത്തിൽ പോയത്. എന്നാൽ ഇവരുടെ ഫലം നെഗറ്റീവാണെന്ന സൂചനയുമുണ്ട്.

 പ്രതിഷേധം: നടപടി വേണമെന്ന് ദേശീയ വനിത കമ്മിഷൻ

പൂന്തുറയിലെ പ്രതിഷേധത്തിൽ കർശന നടപടി വേണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു. വനിത ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് കമ്മിഷൻ അദ്ധ്യക്ഷ രേഖാശർമ്മ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തത്‌സ്ഥിതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും വനിത കമ്മിഷൻ നിർദ്ദേശിച്ചു.